ന്യൂഡല്‍ഹി:  പപ്പടത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന് വ്യക്തമാക്കി അധികൃതര്‍. പപ്പടം ഏത് പേരിലോ രൂപത്തിലോ ആവട്ടെ, പപ്പടത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് വ്യക്തമാക്കി. 

വൃത്താകൃതിയിലും ചതുരാകൃതിയിലുമുള്ള പപ്പടത്തിന്റെ ജിഎസ്ടി വ്യത്യാസം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ വ്യാപകമായിരുന്നു. വൃത്താകൃതിയിലുള്ള പപ്പടത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നെന്നും ചതുരാകൃതിയിലുള്ള പപ്പടത്തിന് ജിഎസ്ടി ബാധകമാണെന്നും ഇതിന്റെ യുക്തി ഏതെങ്കിലും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിശദീകരിച്ചുതരുമോ എന്നായിരുന്നു ആര്‍.പി.ജി എന്റര്‍പ്രൈസ് ചെയര്‍മാനായ ഹര്‍ഷ് ഗോയങ്ക ട്വീറ്റ് ചെയ്തത്. 

ട്വീറ്റിന് മറുപടിയായാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസറ്റംസ് പപ്പടത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയതായി വിശദീകരിച്ചത്. ഏത് രൂപത്തിലായാലും ഏത് പേരിലായാലും ജിഎസ്ടി നോട്ടിഫിക്കേഷന്‍ No.2/2017-CT(R) പ്രകാരം പപ്പടത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയതായി ബോര്‍ഡ് വ്യക്തമാക്കി. 

Content Highlights: No GST On Papad, Whatever Its Shape": Tax Body Corrects Harsh Goenka