നിർമലാ സീതാരാമൻ | Photo: ANI
ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. സര്‍ക്കാര്‍ അദാനിഗ്രൂപ്പിന് പ്രത്യേക പരിഗണന നല്‍കിയെന്ന ആരോപണം തള്ളിയ മന്ത്രി, വിഷയത്തില്‍ പ്രതിപക്ഷത്തിന്റേത് യാഥാര്‍ഥ്യം മറച്ചുവെച്ചുള്ള നിലപാടാണെന്ന് വിമര്‍ശിക്കുകയും ചെയ്തു.
അദാനി ഗ്രൂപ്പിന് ഭൂമിയും തുറമുഖങ്ങളും നല്‍കിയത് ബി.ജെ.പി. സര്‍ക്കാരുകള്‍ അല്ലെന്ന് നിര്‍മല പറഞ്ഞു. ഞങ്ങള്‍ ഒന്നും കൊടുത്തിട്ടില്ല. വ്യക്തമായി പറഞ്ഞാല്‍, നരേന്ദ്ര മോദി സര്‍ക്കാരിന് കീഴിലുള്ള എല്ലാ പദ്ധതികളും ടെന്‍ഡറുകളിലൂടെയാണ് നല്‍കിയിട്ടുള്ളത്- ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രാജസ്ഥാനിലും കേരളത്തിലും പശ്ചിമ ബെംഗാളിലും ഛത്തീസ്ഗഢിലും അദാനി ഗ്രൂപ്പിന് പദ്ധതികള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പി. സര്‍ക്കാരുകള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പിന് പദ്ധതികള്‍ ലഭിച്ചത് അവിടം ബി.ജെ.പി. ഇതര സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന കാലത്താണ്- നിര്‍മല കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെടുത്തി പ്രതിപക്ഷം ചര്‍ച്ചകള്‍ ഒഴിവാക്കുകയാണെന്നും നിര്‍മല ആരോപിച്ചു. പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. സമ്മേളനസമയത്ത് സഭയില്‍ ഇരിക്കുന്നതിനു പകരം അവര്‍ ആക്രോശിക്കുകയാണ്, പുറത്ത് ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ട് തെറ്റായ പ്രസ്താവനകള്‍ നല്‍കുകയാണ്, എന്തുകൊണ്ട്?- നിര്‍മല ആരാഞ്ഞു.
സഭയ്ക്കുള്ളില്‍ വന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കാനും ധനമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. അദാനിവിഷയത്തെ കുറിച്ചു മാത്രമല്ല പറയുന്നത്. രേഖകള്‍ പരിശോധിച്ചു നോക്കിക്കോളൂ. ഗൗരവമേറിയ വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ ആരാണ് അത് തടസ്സപ്പെടുത്തുന്നത്? പ്രതിപക്ഷം, നിര്‍മല പറഞ്ഞു. ഭരണപക്ഷമാണ് ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുമാറുന്നതെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അദാനി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന ആരോപണത്തോടായിരുന്നു നിര്‍മലയുടെ പ്രതികരണം.
Content Highlights: no favour given to adani group says nirmala sitharaman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..