ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവൻ വിവരങ്ങൾ പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ പഴയ വകഭേദമോ കുട്ടികൾക്കിടയിൽ കൂടുതൽ അണുബാധയ്ക്ക് കാരണമായെന്ന് കാണിക്കുന്നില്ലെന്നും ഗുലേറിയ വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ 60-70 ശതമാനം പേരും അനുബന്ധ രോഗങ്ങളുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണ്. ചിലർ കീമോ തെറാപ്പി ചെയ്യുന്നവരാണ്. കോവിഡ് ബാധിച്ച ആരോഗ്യമുള്ള കുട്ടികളിൽ മിക്കവരും ആശുപത്രി ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും രൺദീപ് ഗുലേറിയ വ്യക്തമാക്കി.

ജനിതകമാറ്റം മൂലം വൈറസ് തരംഗങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഇൻഫ്ളുവെൻസ, പന്നിപ്പനി ഉദ്ദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 1918 ഇൻഫ്ളുവെൻസ മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയർന്നത്. എന്നാൽ വൈറസിന്റെ മൂന്നാം തരംഗത്തിൽ രോഗവ്യാപനം കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗൺ കോവിഡ് വ്യാപനം കുറയ്ക്കും. എന്നാൽ ലോക്ഡൗൺ പിൻവലിക്കുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു. രോഗവ്യാപനം കുറയ്ക്കാൻ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

content highlights:no evidence to show that the third wave of Covid infections will affect children more than others