ന്യൂഡല്‍ഹി: മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണണ്‍ ആര്യ, കാബിനറ്റ് മന്ത്രിമാര്‍ തുടങ്ങിയവരുടെ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൈവശമില്ലെന്ന് ഹരിയാണ സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ടൈംസ് നൗ ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 

പി.പി. കപൂര്‍ എന്ന സാമൂഹികപ്രവര്‍ത്തകനാണ് മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരുടെയും പൗരത്വം തെളിയിക്കാനുള്ള രേഖകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് അപേക്ഷ സമര്‍പ്പിച്ചത്. ജനുവരി ഇരുപതിനായിരുന്നു ഇത്. പാനിപ്പത്ത് സ്വദേശിയാണ് പി.പി. കപൂര്‍. 

തങ്ങളുടെ കൈവശമുള്ള രേഖകളില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്നായിരുന്നു സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍നിന്ന് കപൂറിന് ലഭിച്ച മറുപടി. പൗരത്വ സംബന്ധിയായ രേഖകള്‍ ഒരുപക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ടായേക്കാമെന്നും സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പൂനം റാഠി കൂട്ടിച്ചേര്‍ത്തു. 

ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഖട്ടര്‍ പ്രഖ്യാപിച്ചിരുന്നു. അസമിലേതിനു സമാനമായി ഹരിയാണയിലും ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമെന്നായിരുന്നു ഖട്ടറുടെ പ്രസ്താവന. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പേ ആയിരുന്നു ഇത്. 

content highlights: no documents with haryana government to prove citizenship of cm and governor reveals rti