ലഖ്‌നൗ: സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ മുസ്ലിം മതവിഭാഗത്തിന്റെ അനുപാതത്തിനുപരിയാണ് സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്ന് മതവിഭാഗം അനുഭവിക്കുന്ന ആനുകൂല്യങ്ങളെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം മതവിഭാഗത്തിന് നേരെ സംസ്ഥാനസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. 

ആകെ ജനസംഖ്യയുടെ 17 മുതല്‍ 19 ശതമാനം വരെയാണ് മുസ്ലിം മതവിഭാഗക്കാരുള്ളത്, എന്നാല്‍ ക്ഷേമപദ്ധതികളുടെ പ്രയോജനത്തിന്റെ  30 മുതല്‍ 35 ശതമാനം വരെ  മുസ്ലിങ്ങളാണ് അനുഭവിക്കുന്നത്- ബുധനാഴ്ച നിയമസഭാ സമിതിയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. ഭവനപദ്ധതി, സൗജന്യ വൈദ്യുതി കണക്ഷന്‍, ഉജ്ജ്വല പദ്ധതിയ്ക്ക് കീഴിലുള്ള സൗജന്യ പാചകവാതക കണക്ഷന്‍, ആയുഷ്മാന്‍ ആരോഗ്യപദ്ധതി എന്നിവയെല്ലാം യോഗി ചൂണ്ടിക്കാട്ടി. 

പ്രധാനമന്ത്രി നരേന്ദമോദി വിഭാവനം ചെയ്ത 'സബ്കാ സാഥ്, സബ്കാ വികാസ്(എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും പുരോഗതി)'എന്ന നയം പിന്തുടരുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനം അങ്ങേയറ്റം ആത്മാര്‍ഥവും സുതാര്യവുമാണെന്ന് യോഗി വ്യക്തമാക്കി. സര്‍ക്കാര്‍ ആരോടും വിവേചനപരമായി പെരുമാറിയിട്ടില്ലെന്നും ആരെയും പ്രീതിപ്പെടുത്താറില്ലെങ്കിലും ക്ഷേമപദ്ധതികളുടെ നേട്ടങ്ങള്‍ ഗുണഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്താറുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തെ മികച്ച സമ്പദ്ഘടനകളിലൊന്നായിരുന്നു ഉത്തര്‍പ്രദേശിന്റേതെന്നും എന്നാല്‍ കുറച്ചുകാലമായി സാമ്പത്തികസ്ഥിതിയില്‍ കോട്ടമുണ്ടായിട്ടുണ്ടെന്നും മുന്‍കാലസര്‍ക്കാരുകളെ കുറ്റപ്പെടുത്തി യോഗി പറഞ്ഞു. സാമ്പത്തിക സ്ഥിതിയില്‍ 2016 ഓടെ സംസ്ഥാനം ദേശീയതലത്തില്‍ അഞ്ചും ആറും സ്ഥാനത്തെത്തിയതായും എന്നാല്‍ സമീപകാലത്ത് വികസനമാതൃകകളായി ഉയര്‍ത്തിക്കാട്ടുന്ന സംസ്ഥാനങ്ങളെ പിന്തള്ളി അത് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നതായും യോഗി പറഞ്ഞു. 

 

Content Highlights: No Discrimination In UP Over 30% Of Welfare Scheme Beneficiaries Are Muslims Yogi Adityanath