ന്യൂഡല്‍ഹി: വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കുന്നതില്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1.65 കോടി കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിവേചനമില്ലാതെ അനുവദിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. 

ആരോഗ്യ പ്രവര്‍ത്തകരുടെ ഡാറ്റാബേസിന്റെ അനുപാതത്തില്‍ 1.65 കോടി കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനാല്‍, വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കുന്നതില്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തോടും വിവേചനം കാണിച്ചോ എന്ന ചോദ്യമുദിക്കുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു. 

വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുന്നതിന്റെ പ്രാരംഭ ഘട്ടമാണ് നടക്കുന്നതെന്നും വരും ആഴ്ചകളില്‍ കുറവുകള്‍ നികത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനാല്‍തന്നെ, വിതരണത്തിന്റെ അപര്യാപ്തത കാരണം പ്രകടിപ്പിക്കുന്ന ആശങ്ക പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 30 കോടി ആളുകള്‍ക്ക് ആദ്യഘട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. രാജ്യവ്യാപകമായി വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വാക്‌സിനുകള്‍ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിച്ചിട്ടുണ്ട്.

Content Highlights: No discrimination against any state in vaccine allocation: Centre