ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ആര്‍സി) തയ്യാറാക്കുന്നതിന് ദേശീയ തലത്തില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. 

ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് എഴുതി തയ്യാറാക്കിയ മറുപടി നല്‍കിയത്.

'പൗരത്വ (ഭേദഗതി) നിയമം, 2019 (സിഎഎ) 12.12.2019-ന് വിജ്ഞാപനം ചെയ്തു. 10.01.2020 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമങ്ങള്‍ വിജ്ഞാപനം ചെയ്തതിന് ശേഷം സിഎഎയുടെ കീഴില്‍ വരുന്ന വ്യക്തികള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. ഇതുവരെ,ദേശീയ തലത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ (എന്‍ആര്‍ഐസി) തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ല' ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയില്‍ പറയുന്നു.

അതേ സമയം അസമില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം 2019-ല്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു.