ന്യൂഡല്‍ഹി: വാക്‌സിനെടുത്ത ശേഷം 2021 ഏപ്രില്‍ - മെയ് മാസങ്ങളില്‍ കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്റെ പഠനം. കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ഗ്രൂ ഇന്‍ഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്.

രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷവും കോവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ഗ്രൂ ഇന്‍ഫെക്ഷന്‍. പൂര്‍ണമായും വാക്‌സിന്‍ കുത്തിവച്ചവരില്‍ ഒരു ചെറിയ ശതമാനം പേര്‍ രോഗബാധിതതര്‍ ആകുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ കോവിഡ് ബാധിച്ചു മരിക്കുകയോ ചെയ്‌തേക്കാം എന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഏപ്രില്‍ - മെയ് മാസങ്ങളില്‍ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായവരില്‍ ഡല്‍ഹിയിലെ എയിംസ് നടത്തിയ പഠനത്തില്‍ വാക്‌സിനെടുത്ത ഒരാളും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് വ്യക്തമായിട്ടുള്ളതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.

വാക്‌സിന്‍ എടുത്തവരില്‍ ഒരാള്‍ക്കു പോലും ഗുരുതരമായ രോഗബാധ ഉണ്ടായില്ല. എന്നാല്‍ മിക്കവര്‍ക്കും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങള്‍ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു.

Content Highlights: No deaths among those reinfected with COVID even after vaccination - AIIMS study