പ്രതീകാത്മക ചിത്രം. ഫോട്ടോ: പിടിഐ
ലഖ്നൗ: കോവിഡ് രണ്ടാം തരംഗത്തിനിടെ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് യുപി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി രണ്ടാം തരംഗത്തിനിടെ ഓക്സിജന്‍ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
കോവിഡ് മൂലം സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ട ആരുടെയും മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം ഓക്സിജന്‍ ലഭ്യതക്കുറവാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് യുപി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് സഭയില്‍ പറഞ്ഞു. കോവിഡ് രോഗികളുടെ മരണകാരണം മറ്റു ആരോഗ്യ പ്രശ്നങ്ങളാണെന്നും ഓക്സിജന്‍ ക്ഷാമം നേരിട്ട വേളയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഓക്സിജന്‍ ലഭിക്കാതെ നിരവധി പേര് മരിച്ചുവെന്ന് കാണിച്ച് നേരത്തെ ബിജെപി മന്ത്രിമാരും എംപിമാരും അയച്ച കത്തുകള്‍ സംബന്ധിച്ചും കോണ്‍ഗ്രസ് ചോദ്യമുയര്‍ത്തി. ഓക്സിജന്‍ ക്ഷാമം മൂലമുണ്ടായ ഇത്തരം നിരവധി മരണങ്ങള് സംബന്ധിച്ച കാര്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇവ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടോയെന്നും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടന്നതും ആളുകള്‍ ഓക്സിജന്‍ കിട്ടാതെ പരക്കംപാഞ്ഞതും സര്‍ക്കാര്‍ കണ്ടില്ലേയെന്നും കോണ്‍ഗ്രസ് നേതാവായ ദീപ് സിങ് ചോദിച്ചു.
ആശുപത്രിയില്‍വെച്ച് രോഗി മരിച്ചാല്‍ ഡോക്ടറാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്നും സംസ്ഥാനത്തെ 22915 കോവിഡ് മരണങ്ങളില്‍ ഒന്നില്‍ പോലും മരണകാരണം ഓക്സിജന്‍ ലഭ്യതക്കുറവാണെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി വിശദീകരിച്ചു.
content highlights: No Death Due To Lack Of Oxygen During COVID Second Wave: UP Government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..