ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനു ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് സര്‍ക്കാര്‍. നോട്ട് നിരോധനം സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ എങ്ങനെ ബാധിച്ചു എന്നത് സംബന്ധിച്ച കണക്കുകളൊന്നും തങ്ങളുടെ കൈയ്യിലില്ലെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗാങ്‌വാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി ചൂണ്ടിക്കാട്ടുന്ന ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ (എന്‍.എസ്.എസ്.ഒ) റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ബിജു ജനതാദള്‍ അംഗം ബീന്ദ്ര കുമാര്‍ ജെനയാണ് നോട്ടു നിരോധനം രാജ്യത്തെ തൊഴിലവസരങ്ങളെ എങ്ങനെ ബാധിച്ചു എന്നതുമായി ബന്ധപ്പട്ട ചോദ്യം ഉന്നയിച്ചത്. നോട്ട് നിരോധനം രാജ്യത്തെ അസ്സംഘടിത മേഖല അടക്കമുള്ള തൊഴില്‍ മേഖലയിലുണ്ടാക്കിയ ആഘാതം എന്താണെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ എങ്ങനെയാണ് ശേഖരിച്ചതെന്നുമായിരുന്നു ചോദ്യം.

തൊഴില്‍ പങ്കാളിത്ത നിരക്ക്, തൊഴിലാളികളുടെ എണ്ണത്തിലുള്ള അനുപാതം, നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ് സ്റ്റാറ്റസ്റ്റിക്‌സ് മന്ത്രാലയം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതെന്ന് മന്ത്രി എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍, സ്വകാര്യ തൊഴില്‍ മേഖലയില്‍ നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം സംബന്ധിച്ച കണക്കുകള്‍ കേന്ദ്രസര്‍ക്കാരല്ല കൈകാര്യം ചെയ്യുന്നതെന്നും അതിനാല്‍ കണക്ക് ലഭ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ പുതിയ തൊഴിലവസരങ്ങളും ഇക്കാലത്തെ തൊഴിലില്ലായ്മ നിരക്കും ആവശ്യപ്പെട്ട് സിപിഎം എംപി പി.കെ ബിജുവും ചോദ്യം ഉന്നയിച്ചിരുന്നു. തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം 14.03 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. ഗ്രാമീണ തൊഴില്‍ പരിശീലന പരിപാടിയുടെ ഭാഗമായി 4.29 ലക്ഷം പേര്‍ക്കും തൊഴില്‍ ലഭിച്ചതായും മന്ത്രി മറുപടി നല്‍കി.

ഇന്ത്യയിലെ തൊഴിലില്ലായ്മ 2017-18 വര്‍ഷത്തില്‍ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ തൊഴില്‍ സര്‍വേ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. എന്നാല്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ അംഗീകാരം നല്‍കിയിട്ടും ഈ റിപ്പോര്‍ട്ട് പുറത്തുവിടാതെ കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവെച്ചതായും ആരോപണമുയര്‍ന്നിരുന്നു. ഇക്കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തില്‍ എത്തിയെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2011-12ല്‍ ഇത് 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. 1972-73 കാലയളവിനുശേഷം ആദ്യമായാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം ഉയരുന്നത്.

സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി രണ്ടുമാസമായിട്ടും കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി.സി. മോഹനന്‍, അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ രാജിവെച്ചതിനുപിന്നാലെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബറില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം രാജ്യത്ത് ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തിയ ആദ്യ സര്‍വേയാണിത്. 2017 ജൂലായ്മുതല്‍ 2018 ജൂണ്‍വരെയുള്ള കാലയളവിലാണ് സര്‍വേ നടത്തിയത്. തൊഴിലില്ലായ്മ കൂടുതല്‍ നഗരങ്ങളിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു (7.8 ശതമാനം). ഗ്രാമങ്ങളില്‍ 5.3 ശതമാനവും.

Content Highlights: unemployment, Demonitisation, Parliament, narendra modi