ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്തെ പോലീസ് അതിക്രമങ്ങളെപ്പറ്റിയുടെ വിവരങ്ങളൊന്നും കൈവശമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. പോലീസ് അതിക്രമങ്ങളെ തുടര്‍ന്നുണ്ടായ മരണം, വ്യക്തികള്‍ക്കേറ്റ പരിക്കുകള്‍, ഇവ സംബന്ധിച്ച കേസുകള്‍, പരാതികള്‍ എന്നിവ സംബന്ധിച്ച രേഖകളൊന്നും കൈവശമില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചത്. 

പോലീസും ക്രമസമാധാന പാലനവും സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരുകളാണ് ലോക്ക്ഡൗണ്‍ കാലത്ത് നടപടികള്‍ സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി രാജ്യസഭയെ അറിയിച്ചു. പരാതികള്‍, പോലീസ് കേസുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ദേശീയ തലത്തില്‍ ശേഖരിച്ച് സൂക്ഷിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി മറുപടി നല്‍കിയത്. ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍, അതില്‍ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തുവരുടെ വിവരങ്ങള്‍, ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ എന്നിവയാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്. 

ലോക്ക്ഡൗണിനെത്തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് പോകാനുള്ള ശ്രമത്തിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ വിവരവും സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സെപ്റ്റംബര്‍ 14-ന് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. അടൂര്‍ പ്രകാശ് അടക്കമുള്ള എംപിമാരാണ് ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികള്‍ നേരിടേണ്ടിവന്ന ദുരിതം സംബന്ധിച്ച കണക്കുകള്‍ ആരാഞ്ഞത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ ലഭിച്ചുവെയെന്നും അവരുടെ തൊഴില്‍നഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവോയെന്നും എം.പിമാര്‍ ആരാഞ്ഞിരുന്നു. എന്നാല്‍ അത്തരം വിവരങ്ങള്‍ കൈവശമില്ലെന്ന മറുപടിയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം നല്‍കിയത്. 

കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആരോഗ്യം സംസ്ഥാന വിഷയമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: No data on alleged police harassment during lockdowm maintained by centre - MHA