
പ്രതീകാത്മകചിത്രം | Photo: Mitesh BhuvadPTI
ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ കോവിഡ് മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ദേശീയ തലത്തില്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം. ആരോഗ്യം സംസ്ഥാന വിഷയമായതിനാലാണ് ഇതെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ രാജ്യസഭയെ അറിയിച്ചു.
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഇന്‍ഷുറന്‍സ് പാക്കേജില്‍നിന്ന് സഹായം തേടിയവരുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുപ്രകാരം 155 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 64 ഡോക്ടര്‍മാരും, നഴ്സുമാര്‍ അടക്കമുള്ള 32 ആരോഗ്യ പ്രവര്‍ത്തകരും, 14 ആശ പ്രവര്‍ത്തകരും, മറ്റുള്ള 45 പേരും സഹായം തേടിയിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനുള്ള സമിതികള്‍ രൂപവത്കരിക്കാന്‍ സംസ്ഥാനങ്ങളോടും, ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യങ്ങള്‍ നോക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ ആശുപത്രികളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ ലഭ്യമാക്കുന്നുണ്ട്. എന്‍ 95 മാസ്കുകള്‍ അടക്കമുള്ളവയുടെ വില നിയന്ത്രിച്ചു.
പിപിഇ കിറ്റുകള്‍, എന്‍ 95 മാസ്കുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാന്‍ അവയുടെ കയറ്റുമതി നിരോധിച്ചു. ഏപ്രില്‍ 22 ന് കോവിഡ് പ്രതിരോധത്തിനായി 15,000 കോടിരൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. സംസ്ഥാനങ്ങള്‍ക്ക് 9.81 കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും 28,476 വെന്റിലേറ്ററുകളും 3.05 കോടി എന്‍ 95 മാസ്കുകളും 1.2 കോടി പിപിഇ കിറ്റുകളും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: No data maintained on fatalities amongst healthcare workers: Govt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..