ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ചെറുകിട കര്‍ഷകരെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്താന്‍ തക്കവിധമുള്ള കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. രാജ്യസഭയില്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര കൃഷിമന്ത്രി ഇക്കാര്യം പറഞ്ഞത്.

ലോക്ക്ഡൗണ്‍ കാര്‍ഷിക മേഖലയെ ബാധിച്ചില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കാര്‍ഷികവൃത്തിയെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും ലോക്ക്ഡൗണില്‍നിന്ന് ഒഴിവാക്കിയിരുന്നു. വിത്ത്, വളം, കീടനാശിനികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. കൊയ്ത്ത് യന്ത്രം അടക്കമുള്ളവ സംസ്ഥാനങ്ങള്‍ക്കകത്തും വിവിധ സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നു.

കൃഷി മന്ത്രാലയം സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി റാബി വിളകളുടെ വിളവെടുപ്പും വേനല്‍ക്കാല വിളകളുടെ വിതയ്ക്കലും കൃത്യമായി നടന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ ചെറുകിട കര്‍ഷകരുടെ വരുമാനത്തെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്താന്‍ തക്ക കണക്കുകളൊന്നും കൈവശമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. 2020 - 21 കാലത്ത് രാജ്യത്തെ മൊത്തം സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും കൃഷിയും അനുബന്ധ മേഖലകളും 3.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് അടുത്തിടെയുണ്ടായ പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ 4,49,271 പക്ഷികളെ കൊന്നൊടുക്കിയെന്ന് എം.വി. ശ്രേയാംസ് കുമാര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി ഡോ. സഞ്ജീവ് കുമാര്‍ ബല്യാന്‍ രാജ്യസഭയെ അറിയിച്ചു. പക്ഷിവളര്‍ത്തല്‍ മേഖലയ്ക്ക് എത്രത്തോളം നഷ്ടമുണ്ടായെന്ന് വിലയിരുത്താന്‍ തക്ക കണക്കുകള്‍ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും ലഭ്യമായിട്ടില്ല. വളര്‍ത്തു പക്ഷികള്‍ ചത്തൊടുങ്ങുകയും പക്ഷിപ്പനി ഭയന്ന് ജനങ്ങള്‍ അവയുടെ മാംസം അടക്കമുള്ളവ ഉപയോഗിക്കുന്നത് കുറയ്ക്കുകയും ചെയ്തതുമൂലം പക്ഷിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ഗണ്യമായ നഷ്ടമുണ്ടായെന്നാണ് ആ മേഖലയില്‍നിന്ന് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധ സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും രോഗബാധ നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. പക്ഷിപ്പനിക്കെതിരെ രാജ്യവ്യാപകമായി ജാഗ്രത തുടരുകയാണെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.

Content Highlights: No data estimates the impact on the income of small  farmers due to lockdown is available - Centre