പുണെ: കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ 'ഗോ കൊറോണ ഗോ' എന്ന മുദ്രാവാക്യം വിളിച്ച് കുപ്രസിദ്ധിനേടിയ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പുതിയ മുദ്രാവാക്യവുമായി രംഗത്ത്. "നോ കൊറോണ' എന്ന മുദ്രാവാക്യമാണ് അദ്ദേഹം പുതുതായി മുന്നോട്ടു വെക്കുന്നത്. വൈറസിന്റെ പുതിയ വകഭേദം ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ ജപത്തിന്റെ ആവശ്യമെന്ന് അത്താവാലെ പറഞ്ഞു. 

താന്‍ സംഭാവന ചെയ്ത 'ഗോ കൊറോണ ഗോ' എന്ന മുദ്രാവാക്യം ഫലവത്തായതായും വൈറസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അത്താവാലെ പറഞ്ഞു. കൊറോണവൈറസ് തന്റെ അരികിലെത്തിച്ചേരില്ലെന്നായിരുന്നു ധാരണയെന്നും എന്നാല്‍ കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് താനും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതായും അത്താവാലെ കൂട്ടിച്ചേര്‍ത്തു. നവംബറിലാണ് കോവിഡ് ബാധയെ തുടര്‍ന്ന് പത്ത് ദിവസത്തോളം അത്താവാലെ മുംബൈയിലെ  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയാനിടയായത്. 

നേരത്തെയുള്ള കൊറോണവൈറസോ വൈറസിന്റെ പുതിയ വകഭേദമോ നമുക്ക് ആവശ്യമില്ലാത്തതിനാല്‍ 'നോ കൊറോണ'യാണ് ഇപ്പോള്‍ നല്ലതെന്ന് അത്താവാലെ പറഞ്ഞു. ഫെബ്രുവരിയിലാണ് മുംബൈയില്‍ നടന്ന ഒരു പ്രാര്‍ഥനായോഗത്തില്‍ ബുദ്ധസന്ന്യാസികളോടൊപ്പം  'ഗോ കൊറോണ ഗോ'യെന്ന് അത്താവാലെ ആദ്യമായി ഉരുവിട്ടത്. ചൈനയിലെ വൈറസ് വ്യാപനത്തിനെതിരേ നടത്തിയ പ്രാര്‍ഥനായോഗമായിരുന്നു അത്. തന്റെ ഗോ കൊറോണ ഗോ ആഗോളപ്രശസ്തി നേടിയെന്നവകാശപ്പെട്ട് ഏപ്രിലില്‍ അത്താവാലെ രംഗത്തെത്തിയിരുന്നു.  

അത്താവാലെയുടെ നോ കൊറോണക്കെതിരേ രസകരമായ നിരവധി ട്രോളുകളും മീമുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

 

Content Highlights: 'No Corona, No Corona' Minister Ramdas Athawale's New Slogan