ന്യൂഡല്‍ഹി: നാലുവര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയം വെള്ളിയാഴ്ച ലോക്സഭ ചര്‍ച്ച ചെയ്യും. വോട്ടെടുപ്പും അന്നുതന്നെ നടക്കും. ഇതിനുള്ള തെലുഗുദേശം പാര്‍ട്ടി(ടി.ഡി.പി.)യുടെ നോട്ടിസിനു സുമിത്രാ മഹാജന്‍ അനുമതി നല്‍കി. 15 വര്‍ഷത്തിനുശേഷമാണ് ലോക്സഭയില്‍ അവിശ്വാസപ്രമേയം പരിഗണനക്കെടുക്കുന്നത്.

ആന്ധ്രപ്രദേശിന് പ്രത്യേകപദവി, ആള്‍ക്കൂട്ടക്കൊല, ദളിത് പീഡനം, പട്ടികജാതി-വര്‍ഗ ചട്ടം ദുര്‍ബലപ്പെടുത്തിയ നടപടി തുടങ്ങി വിവിധ വിഷയങ്ങളുന്നയിച്ചാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ്, സി.പി.എം., എന്‍.സി.പി., ടി.ഡി.പി. തുടങ്ങിയ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ടി.ഡി.പി.ക്കാണ് സ്പീക്കര്‍ അവസരം നല്‍കിയത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യം ഉന്നയിച്ച് ടി.ഡി.പി.യാണ് ആദ്യം നോട്ടീസ് നല്‍കിയതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സ്പീക്കറുടെ ഈ തീരുമാനം. പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പാര്‍ട്ടിയുടെ വലിപ്പമല്ല, സഭയുടെ ചട്ടമാണ് അടിസ്ഥാനമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. പ്രതിപക്ഷം നല്‍കിയ പ്രമേയങ്ങള്‍ ഒരുമിച്ചു പരിഗണിക്കണമെന്ന ഖാര്‍ഗെയുടെ ആവശ്യവും സ്പീക്കര്‍ തള്ളി.

തുടര്‍ന്ന് ടി.ഡി.പി. അംഗം കെ. ശ്രീനിവാസ് പ്രമേയത്തിനു സഭയുടെ അവതരണാനുമതി തേടി. പ്രമേയം പരിഗണിക്കണമെങ്കില്‍ അമ്പത് അംഗങ്ങളുടെ പിന്തുണ വേണമെന്നാണ് ചട്ടം. പ്രമേയത്തെ പിന്തുണയ്ക്കുന്നവര്‍ എഴുന്നേല്‍ക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. ടി.ഡി.പി., ടി.ആര്‍.എസ്. അംഗങ്ങള്‍ക്കു പുറമെ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ടി.എം.സി. തുടങ്ങിയ പാര്‍ട്ടികളിലെ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. ഇതോടെയാണ് സ്പീക്കര്‍ അവതരണാനുമതി നല്കിയത്. പത്തുദിവസത്തിനുള്ളില്‍ തീരുമാനമെന്ന് രാവിലെ പറഞ്ഞെങ്കിലും ഉച്ചയ്ക്കുശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രമേയം വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

വ്യക്തമായ ഭൂരിപക്ഷമുള്ള ലോക്സഭയില്‍ അവിശ്വാസപ്രമേയം സര്‍ക്കാരിനു ഭീഷണിയാകില്ല. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിന് പ്രമേയം വഴി തുറക്കും. 2003-ല്‍ എ.ബി. വാജ്പേയി സര്‍ക്കാരിനെതിരേ അന്നത്തെ പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധിയാണ് പ്രമേയം കൊണ്ടു വന്നത്. എന്നാല്‍ അംഗബലമില്ലാത്തതിനാല്‍ പാസായില്ല.