Screengrab\ https://www.youtube.com/watch?v=b2CxSvkuW1Q
പട്‌ന: ചില്ലറയില്ലെങ്കില്‍ പ്രശ്‌നമില്ല, ഡിജിറ്റലായി പൈസ തന്നോളൂ എന്നു പറയുന്നൊരു യാചകനുണ്ട്. കേരളത്തിലല്ല അങ്ങ് ബിഹാറില്‍. പേര് രാജു പ്രസാദ്. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബേട്ടിയ നഗരത്തിലാണ് നാല്‍പ്പതുകാരനായ രാജുവിന്റെ താമസം.
നിങ്ങളുടെ കൈവശം ചില്ലറയില്ലേ, സാരമില്ല. ഫോണ്‍ പേയിലൂടെയോ മറ്റ് ഏതെങ്കിലും ഇ-വാലറ്റിലൂടെയോ നിങ്ങള്‍ക്ക് എനിക്ക് പണം നല്‍കാവുന്നതാണ്- ചില്ലറയില്ലെന്ന് പറഞ്ഞ് ഭിക്ഷ നല്‍കാതെ പോകുന്നവരോട് രാജു ഇങ്ങനെ പറയുന്നത് കേള്‍ക്കാമെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താം വയസ്സു മുതലാണ് ബേട്ടിയ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രാജു ഭിക്ഷാടനം ആരംഭിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിനെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് രാജു. ഈയടുത്തായി ഇദ്ദേഹം ഒരു ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും എനിക്ക് പാന്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ വൈകാന്‍ അതായിരുന്നു കാരണം. എന്നാല്‍ ഇപ്പോള്‍ ഭിക്ഷക്കാരന്‍ ആയിട്ടുകൂടി ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്- രാജു കൂട്ടിച്ചേര്‍ക്കുന്നു.
ബേട്ടിയ നഗരത്തിലെ 30-ാം വാര്‍ഡിലായിരുന്നു കുടുംബത്തിനൊപ്പം രാജുവിന്റെ പിതാവ് പ്രഭുനാഥ് പ്രസാദിന്റെ താമസമെന്ന് പ്രദേശവാസിയായ അവധേഷ് തിവാരി പറഞ്ഞു. പ്രഭുനാഥ് ആയിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. ഇദ്ദേഹം മരിച്ചതോടെ രാജു ഭിക്ഷാടനത്തിലേക്ക് തിരിയുകയായിരുന്നെന്നും തിവാരി പറഞ്ഞു. കഴിഞ്ഞ മുപ്പതു വര്‍ഷമായി രാജു ഭിക്ഷ യാചിക്കുകയാണ്. അല്‍പം മടിയനും ബുദ്ധിക്കുറവ് ഉള്ളയാളുമായിരുന്നതിനാല്‍, ഭിക്ഷാടനം രാജു ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയായിരുന്നു. അനാഥനാണെന്ന് കരുതി ആളുകള്‍ രാജുവിന് ഭിക്ഷ നല്‍കിവരികയും ചെയ്‌തെന്ന് തിവാരി കൂട്ടിച്ചേര്‍ത്തു.
നേരത്തെ റെയില്‍വേ മുന്‍മന്ത്രി ലാലു പ്രസാദ് യാദവിന്റെ കടുത്ത ആരാധകനായിരുന്നു രാജു. ബേട്ടിയ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്ന അവസരങ്ങളില്‍ പാന്‍ട്രി ജീവനക്കാര്‍ രാജുവിന് ഭക്ഷണം നല്‍കാറുമുണ്ടായിരുന്നു. 2015 വരെ ഇത്തരത്തില്‍ ഭക്ഷണം നല്‍കിയിരുന്നു. ഇപ്പോള്‍ പ്രദേശത്തെ ഒരു ധാബയില്‍നിന്ന് പണം നല്‍കിയാണ് താന്‍ ഭക്ഷണം കഴിക്കുന്നതെന്നും രാജു പറഞ്ഞു.
content highlights:no coin, no worries; pay me digitally says beggar from bihar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..