ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഇക്കാര്യം പറഞ്ഞു.

കോവിഡിനെതിരേ എല്ലാ തലത്തിലും പോരാടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളിലൂടെ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

രണ്ടാം ഡോസ് എടുക്കാന്‍ ചില ആളുകള്‍ വിമുഖ കാണിക്കുന്നുണ്ടെന്നും അത്തരക്കാരെ ബോധവത്ക്കരിക്കണമെന്നും നിര്‍ദേശമുണ്ട്.

Content Highlights : No cases of COVID 19 variant Omicron reported in India so far-Health Minister