ന്യൂഡല്‍ഹി: ലഖിംപുരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളിലേക്ക് ദേശീയ നേതാക്കളുടെ സന്ദര്‍ശന പ്രവാഹമാണ്. എന്നാല്‍ തൊട്ടപ്പുറത്തെ ബിഹാറില്‍ ഒരു കുടുംബം എല്ലാവരാലും അവഗണിക്കപ്പെട്ട് കഴിയുകയാണ്. കശ്മീരില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട കച്ചവടക്കാരനായ വീരേന്ദ്ര പാസ്വാന്റെ കുടുംബമാണ് തങ്ങള്‍ എല്ലാവരാലും അവഗണിക്കപ്പെട്ടതായി ആരോപിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയാണ് ശ്രീനഗറില്‍ തീവ്രവാദികള്‍ സാധാരണക്കാരെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തില്‍ പാസ്വാന്‍ കൊല്ലപ്പെടുന്നത്. ശ്രീനഗറിലെ തെരുവില്‍ ചാട്ട് കച്ചവടം നടത്തി ജീവിച്ചിരുന്ന പാസ്വാന്‍ ബിഹാറിലെ ഭഗല്‍പുരിന് സമീപത്തെ ജഗദിഷ്പുര്‍ സ്വദേശിയായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ശ്രീനഗറില്‍ കച്ചവടം നടത്തുകയായിരുന്നു പാസ്വാന്‍. ഭാര്യയും മക്കളും ഉള്‍പ്പടെ ഏഴംഗങ്ങളുള്ള കുടുംബത്തിന്റെ ഏക ആശ്രയും പാസ്വാനായിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കച്ചവടം നടത്തി കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് കഷ്ടപ്പെട്ടാണ് അവര്‍ വിട്ടചെലവ് നടത്തിയതും വായ്പയടച്ചതും. 

അച്ഛന്‍ ദുര്‍ഗാ പൂജയ്ക്ക് വീട്ടിലേക്ക് വരാനിരുന്നതാണെന്ന് പാസ്വാന്റെ മകന്‍ ന്യൂസ് 18 നോട് പറഞ്ഞു. ട്രെയിന്‍ ടിക്കറ്റ് പോലും ബുക്ക് ചെയ്ത് ഇരിക്കവെയാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ബിഹാര്‍ സര്‍ക്കാര്‍ 2 ലക്ഷം രൂപയും ശ്രീനഗര്‍ ജില്ല ഭരണകൂടം 1.5 ലക്ഷം രൂപയും നഷ്ടപരിഹാരിഹാരമായി പാസ്വാന്റെ കുടുംബത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കുടുംബത്തെ സന്ദര്‍ശിക്കാനോ ഇവരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കാനോ ഭരണാധികാരികള്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഒരു ആര്‍.ജെ.ഡി എം.എല്‍.എ മാത്രമാണ് ഇവരെ സന്ദര്‍ശിച്ചത്.

ഏക വരുമാനം നിലച്ചതോടെ തുടര്‍ന്ന് ജീവിക്കാന്‍ എന്തുചെയ്യുമെന്ന് അറിയാതെ കഴിയുകയാണ് ഈ കുടുംബം. ശ്രീനഗറില്‍ തന്നെയാണ് പാസ്വാന്റെ മൃതശരീരം സംസ്‌കരിച്ചത്. ഭഗല്‍പുരില്‍ സംസ്‌കരിക്കാനായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ കുടുംബാംഗങ്ങളോടൊന്നും കൂടിയാലോചിക്കാതെ മൃതദേഹം കശ്മീരില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നെങ്കില്‍ അവസാനമായി ഒന്ന് കാണാനെങ്കിലും സാധിക്കുമായിരുന്നെന്ന് പാസ്വാന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: No Big Visits: Family of Bihar Chaat Seller Shot Dead in J&K Has Seven Mouths to Feed