മുംബൈ: അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റു ലഭിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. ദിവാസ്വപ്‌നം കാണാന്‍ ഇവിടെ ആര്‍ക്കും വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രണ്ടിടത്ത് മാത്രമാണ് ഭരണമുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറെടുക്കുന്നതെങ്കില്‍ രാജ്യത്ത് ദിവാസ്വപ്‌നം കാണാന്‍ ആര്‍ക്കും വിലക്കില്ലെന്നാണ് എനിക്ക് പറയാനുള്ളത്- ജാവദേക്കര്‍ പറഞ്ഞു. 

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ വിജയം നേടാനാവുമെന്നും എങ്കില്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്നുമാണ് രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

പ്രധാനമന്ത്രിക്ക് രാഹുല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന് സരസമായ ട്വീറ്റോ വലിയ സംസാരമോ അല്ല രാഷ്ട്രീയമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രീയം അതിനുമപ്പുറത്താണ് - ജാവദേക്കര്‍ പറഞ്ഞു.

content highlight: No Ban On Day-Dreaming says Prakash Javadekar