മുംബൈ: മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ബുധനാഴ്ചയും ജാമ്യം ലഭിച്ചില്ല. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയില്‍ നാളെയും വാദം തുടരും.  ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണിതെന്നും അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു.

ജസ്റ്റിസ് നിതിന്‍ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് സുഹൃത്ത് അബ്ബാസ് മെര്‍ച്ചന്റിനും മറ്റുള്ള കുറ്റാരോപിതര്‍ക്കുമൊപ്പം ആര്യന്‍ഖാനെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. 

ആര്യന്‍ ഖാന്റെ പക്കല്‍നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ദുര്‍ബലമായ വാദങ്ങളുടെ പേരിലാണ് അറസ്റ്റെന്നും ഇന്നും ആര്യന്‍ഖാന്റെ അഭിഭാഷക സംഘം ആവര്‍ത്തിച്ചു. 
'അറസ്റ്റ് ചെയ്യപ്പെട്ട ഒരു വ്യക്തിയേയും അറസ്റ്റിന്റെ കാരണം അറിയിക്കാതെ തടവിലിടാന്‍ കഴിയില്ല, അങ്ങനെയുള്ള ഒരാള്‍ക്ക് ഇഷ്ടമുള്ള ഒരു അഭിഭാഷകനെ സമീപിക്കാന്‍ അവകാശമുണ്ട്', മുന്‍ അറ്റോണി ജനറലായ മുകുള്‍ റോഹ്തഗി വ്യക്തമാക്കി.