ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ ബോളീവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. ആര്യന്‍ ഖാന്റെ ജാമ്യപേക്ഷയിലെ വാദം പൂര്‍ത്തിയാവാത്തതാണ് കാരണം. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ നാളെയും തുടരും.

ആര്യന്‍ ഖാനെ തെറ്റായി അറസ്റ്റ് ചെയ്തതാണെന്നും ഇത്തരത്തില്‍ ചെറിയ അളവിലുള്ള മയക്കുമരുന്ന് കൈവശം വെച്ച കേസുകളില്‍ ജയിലില്‍ അടയ്ക്കുന്നതിലും ഉചിതം പുനരധിവാസ കേന്ദ്രങ്ങളിലേക്ക് അയക്കുന്നതാണെന്നും ആര്യന്‍ ഖാനായി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു.

അപ്രസക്തമായ പഴയ ഒരു വാട്‌സ്ആപ്പ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് ആര്യനെതിരായ കേസെന്നും ആഡംബര കപ്പലിലെ മയക്കുമരുന്ന് ഇടപാടുമായി ഇതിന് ബന്ധമില്ലെന്നും റോത്തഗി വാദിച്ചു. സംഭവത്തില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുകയോ ഉപയോഗിച്ചതായി തെളിയുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ അറസ്റ്റിന് നിയമസാധുതയില്ല.

ഇത്തരത്തിലുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം പുനരധിവാസ കേന്ദ്രത്തിലയക്കുന്നതാണ് ഉചിതം. കുറഞ്ഞ അളവില്‍ മയക്കുമരുന്ന് സൂക്ഷിക്കുന്നവരെ വിചാരണ നേരിടേണ്ടെന്നും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് വേണ്ടതെന്ന സാമൂഹ്യ മന്ത്രാലയത്തിന്റെ നിര്‍ദേശവും റോത്തഗി ഓര്‍മ്മിപ്പിച്ചു. 

നേരത്തെ രണ്ട് തവണയും ആര്യന്‍ ഖാന് ജാമ്യം നിഷേധിച്ചിരുന്നു. നാളെ ഉച്ചക്ക് 2.30 ന് ഹൈക്കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കും.

അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡേയ്ക്ക് എതിരായ ആരോപണം അന്വേഷിക്കാന്‍ അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തി. എന്‍.ബി.സി ആസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം മുംബൈയിലെത്തി പരാതി അന്വേഷിക്കും. കേസിലെ പ്രധാന സാക്ഷിയായ കിരണ്‍ ഗോസാവിയും വാംഖഡേയും കേസുമായി ബന്ധപ്പെട്ട് 25 കോടി രൂപയുടെ പണമിടപാട് നടത്തി എന്നാണ് ആരോപണം.

Content Highlights: No Bail For Aryan Khan Today, 5-member team to probe allegations made by witness Prabhakar Sail