ന്യൂഡല്‍ഹി: അണ്‍ലോക്ക് 5 ന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നാലും രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വിദ്യാര്‍ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിര്‍ണയവും നടത്തരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി.

സ്‌കൂളുകള്‍ ഒക്ടോബര്‍ 15 ന് ശേഷം തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സ്‌കൂളുകള്‍ തുറക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. എല്ലാ സ്‌കൂളുകളിലും ശുചിത്വം ഉറപ്പാക്കാന്‍ കര്‍മസേനകള്‍ ഉണ്ടാവണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂള്‍ കാമ്പസ് മുഴുവന്‍ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും തിരിച്ചു പോകുമ്പോഴും ക്ലാസില്‍ ഇരിക്കുമ്പോഴും സാമൂഹ്യ അകലം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ മാസ്‌ക് ധരിക്കണം. അക്കാദമിക് കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. 

ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ കര്‍ശനമാക്കരുത്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താവൂ. സ്‌കൂളില്‍ വരണമോ ഓണ്‍ലൈന്‍ ക്ലാസ് തുടരണോ എന്നകാര്യം തീരുമാനിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: No assessment till up to 2-3 weeks of school reopening - Education Ministry