പട്‌ന: ബിഹാര്‍ മുഖ്യമന്തിയായി ജെ.ഡി.യു. നേതാവ് നീതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.  ഉപമുഖ്യമന്ത്രിമാരായി ബിജെപി നേതാക്കളായ തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ 14 മന്ത്രിമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്നിഹിതനായിരുന്നു.

ബിജെപിയില്‍ നിന്ന് ഉപമുഖ്യമന്ത്രിമാരെ കൂടാതെ  മംഗള്‍ പാണ്ഡെയും രാംപ്രീത് പാസ്വാനും സത്യപ്രതിജ്ഞ ചെയ്തു.മേവാലന്‍ ചൗധരി, ഷീല മണ്ഡല്‍, വിജേന്ദ്ര യാദവ്,വിജയ് ചൗധരി,അശോക് ചൗധരി, എന്നിവരാണ് ജെഡിയുവില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്തത്. 

ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ജെഡിയുവിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം അധികാരം ഉറപ്പിച്ചത്. 

243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകളില്‍ വിജയിച്ചാണ് എന്‍.ഡി.എ. അധികാരത്തിലെത്തിയത്. 74 സീറ്റുകള്‍ നേടി ബി.ജെ.പി. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോള്‍ 43 സീറ്റുകളാണ് നിതീഷിന്റെ ജെ.ഡി.യുവിന് നേടാന്‍ കഴിഞ്ഞത്.

തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. 

Content Highlight: Nitish Kumar takes Oath as Chief Minister