ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍; മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും


Published:

Updated:

നിതീഷ് കുമാർ | Photo: ANI

പട്‌ന: ചേരിപ്പോരുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ന് വൈകുന്നേരം 4 മണിക്ക് ഗവര്‍ണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേര്‍ന്ന ജെഡിയു എംഎല്‍എമാരുടേയും എംപിമാരുടേയും യോഗത്തില്‍ സഖ്യം പിരിയാന്‍ തീരുമാനം എടുത്തതായാണ് വിവരം.

ഇതിനിടെ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം റാബ്‌റി ദേവിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടി എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വി യാദവ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ആര്‍ജെഡി എംഎല്‍എമാരും അറിയിച്ചു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ നിതീഷുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യം നേതാക്കള്‍ അറിയിച്ചിരുന്നു. ഇതിനിടെ ബിജെപി നേതാക്കളും ഗവര്‍ണറെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജെ.ഡി.യു.വും ബി.ജെ.പി.യും തമ്മിലുള്ള ചേരിപ്പോരുകളും അഭ്യൂഹങ്ങള്‍ക്കുമിടെ കഴിഞ്ഞ ദിവസമാണ് എം.പി.മാരോടും എം.എല്‍.എ.മാരോടും ഉടന്‍ തലസ്ഥാനമായ പട്‌നയിലെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്.

പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി. ബന്ധമുപേക്ഷിച്ചാല്‍ ജെ.ഡി.യു.വുമായി സഹകരിക്കാമെന്ന് മുഖ്യ പ്രതിപക്ഷമായ ആര്‍.ജെ.ഡി. നേതൃത്വം ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സഖ്യം വിട്ടുവന്നാല്‍ ജെ.ഡി.യു.വിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും പറഞ്ഞു.

243 അംഗ ബിഹാര്‍നിയമസഭയില്‍ 80 സീറ്റുമായി ആര്‍.ജെ.ഡി.യാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പി.ക്ക് 77 സീറ്റും ജെ.ഡി.യു.വിന് 55 സീറ്റുമാണുള്ളത്. ആര്‍.ജെ.ഡി.യുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

എന്‍.ഡി.എ. സഖ്യത്തിലാണെങ്കിലും കുറച്ചുകാലമായി ബി.ജെ.പി.യും ജെ.ഡി.യു.വും സ്വരച്ചേര്‍ച്ചയിലല്ല. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ബി.ജെ.പി. അണിയറയില്‍ പടയൊരുക്കം നടത്തുന്നുണ്ടെന്നാണ് ജെ.ഡി.യു.വിന്റെ ആക്ഷേപം. മഹാരാഷ്ട്ര മോഡലില്‍ ശിവസേനയെ പിളര്‍ത്തി ഭരണം നേടിയതുപോലെ പാര്‍ട്ടിക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നുവെന്നാണ് ജെ.ഡി.യു. നേതൃത്വത്തിന്റെ സംശയം. രണ്ടാം മോദിസര്‍ക്കാരില്‍ ജെ.ഡി.യു.വിന്റെ മന്ത്രിയായിരുന്ന ആര്‍.സി.പി. സിങ്ങിനെ കരുവാക്കി ബി.ജെ.പി. വിമതനീക്കത്തിന് ശ്രമം നടത്തിയെന്ന് ആരോപണമുണ്ട്. ഇതിന്റെ പേരിലാണ് മന്ത്രിയായിരുന്നിട്ടും സിങ്ങിനു വീണ്ടും രാജ്യസഭാ സീറ്റ് നല്‍കാതിരുന്നത്. കഴിഞ്ഞദിവസം സ്വത്തുവിവരങ്ങള്‍ ചോദിച്ച് പാര്‍ട്ടി സിങ്ങിന് നോട്ടീസും നല്‍കി. തൊട്ടുപിന്നാലെ സിങ് രാജിവെച്ചു.

രാഷ്ട്രീയവഴിക്ക് ഇത്തരം നീക്കങ്ങള്‍ നടക്കുമ്പോള്‍ മറുവഴിക്ക് കേന്ദ്രവുമായി സര്‍ക്കാര്‍ തലത്തിലും ജെ.ഡി.യു. നിസ്സഹകരണത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ നിതി ആയോഗ് യോഗത്തിനുള്‍പ്പടെ ഒരുമാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച നാലുപരിപാടികളില്‍ നിതീഷ് കുമാര്‍ പങ്കെടുത്തില്ല. ഇതില്‍ രണ്ടെണ്ണം പ്രധാനമന്ത്രി പങ്കെടുത്തവയാണ്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പില്‍നിന്നും പുതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍നിന്നും നിതീഷ് വിട്ടുനിന്നതും വാര്‍ത്തയായി.

പല കാരണങ്ങളാല്‍ മാസങ്ങളായി ബിഹാറിലെ എന്‍.ഡി.എ. സഖ്യത്തില്‍ കല്ലുകടിയുണ്ട്. കഴിഞ്ഞമാസം അവസാനം പട്‌നയില്‍ നടന്ന ബി.ജെ.പി.യുടെ ദേശീയ സമ്മേളനത്തില്‍ ദേശീയതയടക്കം പല വിഷയങ്ങളുമുയര്‍ത്തിയത് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ചില ബി.ജെ.പി. നേതാക്കളുടെ പ്രസ്താവനകളെ ദേശീയ നേതൃത്വം വിലക്കിയില്ല. ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ജാതി സെന്‍സസ്, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങളിലും നിതീഷ് ബി.ജെ.പി.യുമായി അഭിപ്രായവ്യത്യാസത്തിലാണ്.


Content Highlights: Nitish Kumar To Meet Governor, Indicating It's Over With BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented