പട്‌ന: നിയമസഭയില്‍ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് തന്റെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷനേതാവ് തേജസ്വി യാദവിന്റെ വായടച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വാജ്‌പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്തെ നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള തേജസ്വി യാദവിന്റെ പരാമര്‍ശത്തിനാണ് നിതീഷ് കുമാര്‍ തക്ക മറുപടി നല്‍കിയത്. 

'ഞാന്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് നീ വെറുമൊരു കുഞ്ഞായിരുന്നു. നീയെന്റെ മടിയിലിരുന്ന് കളിച്ചിട്ടില്ലേ?' തനിക്കെതിരെ അക്കാലത്തെ കാര്യങ്ങള്‍ സൂചിപ്പിച്ച് വിമശനമുയര്‍ത്തിയ തേജസ്വിയോട് നിതീഷ് കുമാര്‍ ചോദിച്ചു. സഭാംഗങ്ങളില്‍ മാത്രമല്ല തേജസ്വിയിലും നിതീഷിന്റെ വാക്കുകള്‍ ചിരിപടര്‍ത്തി. 

'നിനക്ക് പറയാനുള്ളത് പിന്നീട് പറയൂ, എന്നിട്ട് ഞാനിപ്പോള്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കൂ, നിനക്കത് പിന്നീട് ഗുണം ചെയ്യും'. തേജസ്വിയ്ക്ക് നിതീഷ് ഉപദേശവും നല്‍കി. ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസം പതിനഞ്ച് കൊല്ലത്തെ തുടര്‍ച്ചയായ ഭരണത്തിലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറയുകയായിരുന്ന തന്റെ സംസാരം തടസപ്പെടുത്തി പല തവണ തേജസ്വി ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു നിതീഷിന്റെ പ്രതികരണം. 

ബിജെപി-ജെഡിയു സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി തേജസ്വി പിന്നീട് കുറ്റപ്പെടുത്തി. ബിജെപിയുടെ ശിങ്കിടിയാണ് നിതീഷ്‌കുമാറെന്നും തേജസ്വി പരിഹസിച്ചു.  നിതീഷിന്റെ മുന്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ് ജെഡിയു-രാഷ്ട്രീയ ജനതാദള്‍ സഖ്യം തകര്‍ന്നതോടെ മുന്നണി വിട്ടു. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ രാഷ്ട്രീയ ജനതാദളിന്റെ നേതാവായ തേജസ്വി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവാണ്. 

 

Content Highlights: Nitish Kumar Teases Tejashwi Yadav In Assembly