നിതീഷ് കുമാർ | Photo: ANI
പട്നാ: ബിഹാറിന് പിന്നാലെ നിതീഷ് കുമാറിന് അരുണാചല്‍ പ്രദേശിലും ശക്തമായ തിരിച്ചടി. അരുണാചലില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ (ജെ.ഡി.യു)നിന്നും ആറ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 60 അംഗ നിയമസഭയില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് ഒറ്റ എംഎല്‍എയായി ചുരുങ്ങി. എന്നാല്‍, ഇതോടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരംഗം ഉള്‍പ്പെടെ ബിജെപി പക്ഷത്ത് 48 എംഎല്‍എമാരായി.
ജെഡിയു എം.എല്‍.എമാരായ ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോര്‍ജീ വാമ്ങ്ഡി ഖര്‍മ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ജെഡിയു സംസ്ഥാന മേധാവിയോട് ആലോചിക്കാതെ നിയമസഭാ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുത്തതിനേ തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്പെന്‍ഡ് ചെയ്യുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷയും വിശ്വാസവുമാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിയുറാം വാഹെ പറഞ്ഞു. എംഎല്‍എമാരുടെ നീക്കത്തില്‍ നിതീഷ് കുമാര്‍ അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി വിശ്വാസവഞ്ചന നടത്തിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
അരുണാചലില്‍ ജെ.ഡി.യു പ്രതിപക്ഷത്താണെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു. ഏഴ് സീറ്റുകള്‍ നേടിയതിനേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ജെ.ഡി.യുവിന് അരുണാചല്‍ പ്രദേശില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിച്ചത്. 41 സീറ്റുകള്‍ നേടിയ ബിജെപിക്ക് പിന്നില്‍ ഏഴ് സീറ്റുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു പാര്‍ട്ടി.
Content Highlights: Nitish Kumar Loses 6 Arunachal MLAs To BJP In Fresh Embarrassment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..