നരേന്ദ്രമോദി, നിതീഷ് കുമാർ
പട്‌ന (ബിഹാര്‍): ഒറ്റദിവസം കളം മാറിച്ചവിട്ടി ബി.ജെ.പിയെ തേച്ച് പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രിയായി മാറിയ നിതീഷ് കുമാറിന്റെ അടുത്ത കരുനീക്കമെന്തെന്ന ആശങ്കയിലാണ് എന്‍.ഡി.എ നേതൃത്വം. 2014ല്‍ മോദി വിജയിച്ചു. പക്ഷേ 2024ല്‍ അദ്ദേഹത്തിന് അത് സാധിക്കുമോ' എന്ന് നിതീഷ് ചോദിച്ചു കഴിഞ്ഞതിന് പിന്നാലെ ഇനി ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്നും പ്രതികരിച്ചുകഴിഞ്ഞു നീതീഷ് കുമാര്‍.
2024-ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ്‌കുമാറായിരിക്കുമെന്ന ചര്‍ച്ച ദേശീയ തലത്തില്‍ സജീവമാകുന്നതിനിടെയാണ് ഈ രാഷ്ട്രീയ ചാണക്യന്റെ പ്രതികരണം. തന്റെ ലക്ഷ്യം പ്രതിപക്ഷ ഐക്യം മാത്രമാണെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നത് ചിന്തയിലേ ഇല്ലായെന്നും വെള്ളിയാഴ്ച പട്‌നയില്‍ നിതീഷ് പ്രതികരിച്ചുവെങ്കിലും ചര്‍ച്ച കൊഴുക്കുക തന്നെയാണ്. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ക്യാമ്പയിനിന്റെ മുന്‍ നിരയിലും നിതീഷ് ഉണ്ടാവുമെന്ന സൂചനയും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.
ചിതറിതെറിച്ചിരിക്കുന്ന പ്രതിപക്ഷത്തെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും വേണ്ടി ജോലി ചെയ്യണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നീങ്ങുന്നതും ഒരുമിച്ച് പ്രവവര്‍ത്തിക്കുന്നതും കാണുകയാണ് ലക്ഷ്യം - പട്‌നയില്‍ നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബി.ജെ.പി-നിയന്ത്രിക്കന്ന എന്‍.ഡി.എക്കെതിരേ ഒരുമിച്ച് നില്‍ക്കണമെന്നുണ്ട്. നിരവധി ഫോണ്‍വിളികള്‍ ഇതുസംബന്ധിച്ച് തനിക്ക് വന്നു. ചിലത് വരും ദിവസങ്ങളില്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും നിതീഷ് പറഞ്ഞു.
ദേശീയതലത്തില്‍ പ്രമുഖ ശക്തിയായിരുന്ന കോണ്‍ഗ്രസിനെ കൊണ്ടുമാത്രം ഈ നിലയ്ക്ക് പോയാല്‍ 2024-ലും പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെയാണ് വിശാല മുന്നണിയെന്ന ചര്‍ച്ച സജീവമായത്. ഈ തിരിച്ചറിവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമുണ്ട്. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളെ കൊണ്ട് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്നത് ചെറിയ തലവേദനയൊന്നുമല്ല സംസ്ഥാനങ്ങളിലെ നേതൃത്വത്തിനുണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ ഏത് വിധേനയും മോദിയെ തിരിച്ചിറക്കേണ്ടത് പ്രതിപക്ഷ കക്ഷികളുടെ ബാധ്യതയുമായിരിക്കുകയാണ്.
ഈയൊരു സാഹചര്യത്തില്‍ ജനപിന്തുണയേറെയുള്ള നിതീഷ് കുമറിന്റെ പുതിയ നീക്കം പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അത്ര പെട്ടെന്ന് കടന്നുകയറാനാവുന്നില്ലെന്ന യാഥാര്‍ഥ്യവും നേതൃത്വത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നതിനെ നിതീഷ് നിഷേധിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം അക്കാര്യം അങ്ങനെയങ്ങ് വിടുന്നില്ല. അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള എല്ലാ ഗുണവും അദ്ദേഹത്തിനുണ്ടെന്ന് ജെ.ഡി.യു പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. പുതിയ ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണവും മറ്റും പൂര്‍ത്തിയാല്‍ ഡല്‍ഹിയിലേക്ക് പോവാന്‍ പദ്ധതിയിട്ടിട്ടുണ്ട്. എന്‍.ഡി.എയ്‌ക്കെതിരേ രാജ്യത്തൊട്ടാകെ പോരാട്ടം സഘടിപ്പിക്കാന്‍ ആവശ്യമായ പദ്ധതി രൂപീകരിക്കുമെന്നും രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു.
മമതാ ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, സോണിയാഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കൊപ്പം ഇപ്പോള്‍ നിതീഷ് കുമാറിന്റേയും ഗ്രാഫ് ഉയര്‍ന്നെങ്കിലും നിതീഷിനെ അപ്പാടെയങ്ങ് വിശ്വസിക്കാമോയെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ട്. അധികാരത്തിനായി തരാതരം മുന്നണി മാറി കൂട്ടുകൂടുകയെന്നത് നിതീഷിന്റെ രക്തത്തിലുള്ളതാണ്. നിതീഷിന്റെ ഈ സ്വഭാവത്തില്‍ തന്നെയാണ് ബി.ജെ.പിയുടെ നോട്ടവും.
ഓഗസ്റ്റ് 24 ന് ആണ് പുതിയ നിതീഷ് സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത്. സഭയില്‍ തങ്ങള്‍ക്ക് 164 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് നിതീഷ് അവകാശപ്പെടുന്നത്.
Content Highlights: Nitish Kumar For PM?says working for opposition unity


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..