പട്‌ന: പൂര്‍ണിയ ജില്ലയില്‍ നടന്ന അവസാന തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ 'അവസാനത്തെ തിരഞ്ഞെടുപ്പ്' പ്രസ്താവനയില്‍ വിശദീകരണവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. താന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് നിതീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തരെ കാണുകയായിരുന്നു അദ്ദേഹം.
'ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ശരിയായി മനസ്സിലായില്ല. എല്ലാ തിരഞ്ഞെടുപ്പുകാലത്തും അവസാന റാലികളില്‍ ഞാനത് പറയാറുണ്ട്, അവസാനം നന്നായാല്‍ എല്ലാം നന്നായെന്ന്. അവസാന തിരഞ്ഞെടുപ്പ് എന്ന വാചകത്തിന് മുമ്പ് ഞാന്‍ എന്താണ് പറഞ്ഞതെന്നും അതിനുശേഷം ഞാന്‍ എന്താണ് പറഞ്ഞതെന്നും കേട്ടാല്‍ നിങ്ങള്‍ക്ക് സന്ദര്‍ഭം മനസ്സിലാകും. നിങ്ങള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് തെറ്റിദ്ധരിക്കപ്പെടുമായിരുന്നില്ല.' - നിതീഷ് കുമാര്‍ പറഞ്ഞു. 2005 മുതല്‍ ബിഹാര്‍ മുഖ്യമന്ത്രിയാണ് 69-കാരനായ നിതീഷ് കുമാര്‍.
ഇതെന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന നിതീഷിന്റെ വാചകം വരാന്‍ പോകുന്ന പരാജയത്തെ മുന്‍കൂട്ടികണ്ടാണ് എന്നായിരുന്നു എതിരാളികളുടെ പ്രചാരണം. എന്നാല്‍ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായതോടെ അവസാന തിരഞ്ഞെടുപ്പ് എന്നതിലൂടെ അവസാന തിരഞ്ഞെടുപ്പ് റാലിയെന്നാണ് നിതീഷ് ഉദ്ദേശിച്ചതെന്നും വിരമിക്കലിനെ കുറിച്ചല്ല നിതീഷ് സംസാരിച്ചതെന്നും വ്യക്തമാക്കി ജെ.ഡി.യു നേതാക്കള്‍ രംഗത്തെത്തി.
'ഞാന്‍ നിസ്വാര്‍ഥമായി ജനങ്ങളെ സേവിക്കുന്നു. എന്നിട്ടും ചില ആളുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതില്‍ വിജയിച്ചു. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ തുടര്‍ന്ന് പൊതുജനങ്ങളുടെ മനസ്സില്‍ രൂപപ്പെട്ട ആശങ്ക നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം.' നിതീഷ് പറയുന്നു. ഭൂരിഭാഗം എക്‌സിറ്റ്‌പോളുകളും ആര്‍.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിന്റെ വിജയമാണ് പ്രവചിച്ചിരുന്നത്.
Content Highlights:Nitish Kumar Clarifies about his 'last poll' remark