ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താജ്മഹല്‍ സന്ദര്‍ശനത്തിനായി മാറ്റിവെച്ചത് രണ്ടുമണിക്കൂറോളമാണ്. ട്രംപിനെയും മെലാനിയയെയും താജ്മഹലില്‍ അനുഗമിച്ചത് ടൂറിസ്റ്റ് ഗൈഡ് നിതിന്‍ കുമാര്‍ സിങ്ങാണ്. താജ്മഹലിന്റെ മനോഹാരിത ആസ്വദിക്കുന്നതിനൊപ്പം ഇന്ത്യന്‍ ചരിത്രത്തെ മനസ്സിലാക്കാനും മുഗള്‍ വാസ്തുശൈലിയെ അടുത്തറിയാനും ട്രംപിനെ സഹായിച്ചത് നിതിന്റെ വിവരണങ്ങളാണ്. 

'ഞാന്‍ വളരെ സൂക്ഷ്മമായ കാര്യങ്ങള്‍ വരെ അമേരിക്കന്‍ പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും വിവരിച്ച് നല്‍കി. താജ്മഹല്‍ കണ്ട ട്രംപില്‍ നിന്നും ആദ്യം പുറത്തുവന്ന വാക്ക് അവിശ്വസനീയമെന്നായിരുന്നു. ഒരിക്കല്‍ കൂടി താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുമെന്ന് വാക്കുതന്നാണ് ഇരുവരും മടങ്ങിയത്.' - നിതിന്‍ പറയുന്നു. 

വിനോദ സഞ്ചാര വകുപ്പിലെ ടൂറിസ്റ്റ് ഗൈഡാണ് നിതിന്‍. വിവിഐപികള്‍ താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുമ്പോഴെല്ലാം ഗൈഡായി എത്താറുള്ളത് നിതിനാണ്. ആഗ്ര സ്വദേശിയായ നിതിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ്. 

ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു എന്നിവര്‍ താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴും അവരെ അനുഗമിച്ചത് നിതിനാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യമാര്‍ന്ന സൗന്ദര്യമാണ് താജ്മഹലെന്നാണ് സന്ദര്‍ശക പുസ്തകത്തില്‍ സന്ദര്‍ശനത്തിന് ശേഷം ട്രംപ് കുറിച്ചത്.

Content Highlights: Nitin Kumar Singh, Tour Guide, Ministry of Tourism accompanied trump and Melania