ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിന് നവീന ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് സാധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.

വായു മലിനീകരണത്തിന് അവശിഷ്ടങ്ങള്‍ കത്തിക്കുന്നതടക്കം നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും മോട്ടോര്‍ വാഹനഹങ്ങളാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഗഡ്കരിക്ക് കോടതിയെ സഹായിക്കാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നവീനമായ ആശയങ്ങളുള്ള ആളാണ് മന്ത്രി ഗഡ്കരി. അദ്ദേഹത്തിന് മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ സാധിക്കും. കാരണം അദ്ദേഹം തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന ആളാണ്. അദ്ദേഹത്തോട് കോടതിയില്‍ വരാനും ഇക്കാര്യത്തില്‍ ആശയങ്ങള്‍ മുന്നോട്ടുവെക്കാനും അഭ്യര്‍ഥിക്കുകയാണ്, ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.

എന്നാല്‍, വിഷയത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ തയ്യാറായില്ല. മന്ത്രിയെ കോടതിയിലേയ്ക്ക് വിളിച്ചുവരുത്തുന്നതാണെന്ന് കരുതരുതെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുന്ന ഒരാള്‍ വേണം എന്നുള്ളതുകൊണ്ടാണ് ഇതു പറയുന്നതെന്നും കോടതി വിശദീകരിച്ചു. 

ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നയം രൂപീകരിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

Content Highlights: Nitin Gadkari Has "Innovative Ideas": Supreme Court On Tackling Pollution