സോലാപുര്‍: മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ പൊതു പരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മന്ത്രി മുഖ്യാതിഥിയായ ചടങ്ങില്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ തലചുറ്റല്‍ അനുഭവപ്പെട്ട ഗഡ്കരി കസേരയില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും വൈകിട്ട് പൊതുപരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

തൊണ്ട വേദനയേത്തുടര്‍ന്ന് ഡോസ് കൂടിയ ആന്റിബയോട്ടിക് കഴിച്ചതിനേതുടര്‍ന്നാണ് തലചുറ്റല്‍ ഉണ്ടായതെന്ന്‌ അദ്ദേഹത്തിന്റെ സഹായി വ്യക്തമാക്കി. പുണ്യശ്ലോക് അഹല്യദേവി ഹോല്‍കര്‍ സോളാപുര്‍ യൂണിവേഴ്‌സിറ്റിയിലെ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് സംഭവം. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രി തൊട്ടു പിന്നില്‍ നിന്ന അംഗരക്ഷകരുടെ സഹായത്തോടെ കസേരയില്‍ ഇരുന്നു. 

തുടര്‍ന്ന് സോളാപ്പൂരിലെ ആശുപത്രിയിലെ ഡോക്ടറെത്തി പ്രാഥമിക പരിശോധന നടത്തി. മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും രക്തത്തിലെ പഞ്ചസാരയും രക്തസമ്മര്‍ദവും സാധാരണ നിലയിലാണെന്നും മന്ത്രിയുടെ സഹായി പറഞ്ഞു. 

ഇതിനു മുമ്പും രക്തത്തില്‍ പഞ്ചസാരയുടെ അളവില്‍ വ്യതിയാനമുണ്ടായതിനേത്തുടര്‍ന്ന് ഗഡ്കരിക്ക് പൊതുപരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനിലയേക്കുറിച്ച് ആശങ്ക പടരാന്‍ ഇടയാക്കിയിരുന്നു.

Content highlights: Nitin Gadkari Feeling Unwell During Anthem