അഹമ്മദ്നഗര്‍: മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ദേശീയ ഗാനത്തിനിടെ കുഴഞ്ഞുവീണു. സ്റ്റേജിലേക്ക് മറിഞ്ഞുവീഴാന്‍ പോയ ഗഡ്കരിയെ കൂടെയുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മഹാത്മ ഫൂലെ കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്ക് എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം സീറ്റിലേക്ക് മടങ്ങിയ ഗഡ്കരി പിന്നീട് ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നപ്പോഴാണ് ബോധരഹിതനായത്. പ്രാദേശിക വാര്‍ത്താ ചാനലായ ടിവി9  പകര്‍ത്തിയ വീഡിയോയില്‍ ഗഡ്കരിക്ക് ചുറ്റും ആളുകള്‍ ഓടിക്കൂടിയതായി കാണാം. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ കാരണമെന്നും അദ്ദേഹം സുഖം പ്രാപിച്ചതായും അധികൃതർ അറിയിച്ചു. 

Content Highlight: Nitin Gadkari falls unconscious during national anthem