ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് പ്രശംസയുമായി യു.പി.എ അധ്യക്ഷ സോണിയാഗാന്ധി അടക്കമുള്ളവര്‍. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയുള്ള മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ളവര്‍ ഗഡ്കരിക്ക് പ്രശംസയുമായി രംഗത്തെത്തിയത്.

ലോക്‌സഭയിലെ ചോദ്യോത്തര വേളയ്ക്കിടെ രാജ്യത്തെ റോഡ് വികസനത്തിന് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ഗഡ്കരി വിവരിച്ചു. രാഷ്ട്രീയ ഭേദമില്ലാതെ രാജ്യത്തെ എല്ലാ എം.പിമാരും സ്വന്തം മണ്ഡലങ്ങളില്‍ തന്റെ മന്ത്രാലയം നടപ്പാക്കിയ വികസന പദ്ധതികളെ അഭിനന്ദിക്കുകയാണെന്ന് ഗഡ്കരി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ പരാമര്‍ശത്തെ ബിജെപി എം.പിമാര്‍ ഡസ്‌കിലടിച്ച് പ്രശംസിച്ചു. അതിനിടെ, മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി ഗണേഷ് സിങ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ സഭ അഭിന്ദിക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജനോട് ആവശ്യപ്പെട്ടു.

ഇതോടെയാണ് നിശബ്ദയായി എല്ലാം കേട്ടിരുന്ന സോണിയാഗാന്ധി പുഞ്ചിരിച്ചുകൊണ്ട് ഡസ്‌കിലടിച്ച് ഗഡ്കരിയെ അഭിനന്ദിച്ചത്. ഇതോടെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് കോണ്‍ഗ്രസ് എം.പിമാരും ഗഡ്കരിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.

കേന്ദ്രമന്ത്രി നതിന്‍ ഗഡ്കരിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭിനന്ദനക്കത്ത് അയച്ചുവെന്ന വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തുവന്നിരുന്നു. സോണിയയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സ്വീകരിച്ച അനുകൂല നിലപാടില്‍ നന്ദി അറിയിച്ചുകൊണ്ടായിരുന്നു സോണിയയുടെ കത്ത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അടുത്തിടെ ഗഡ്കരിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. വീട് നോക്കാത്ത ഒരാള്‍ക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന ഗഡ്കരിയുടെ പരാമര്‍ശത്തിലായിരുന്നു രാഹുലിന്റെ പ്രശംസ. റഫാല്‍ ഇടപാടിനെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന ദുരിതത്തിലും ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്ന വിഷയത്തിലും പ്രതികരിക്കാന്‍ ഗഡ്കരി ഈ ധൈര്യം കാണിക്കണമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് സോണിയ രംഗത്തെത്തിയിട്ടുള്ളത്.

Content Highlights: Nitin Gadkari, Congress, Sonia Gandhi