ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നിര്‍ദേശവുമായി നീതി ആയോഗ്. പൊതു-സ്വകാര്യ പങ്കാളിത്തതില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളെയും ജില്ലാ ആശുപത്രികളെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് നീതി ആയോഗിന്റെ പുതിയ പദ്ധതി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌

ഡോക്ടര്‍മാരുടെ അഭാവവും ആരോഗ്യരംഗത്തെ ന്യൂനതകളും പരിഹരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്‌. നിലവിലുള്ളതോ പുതുതായി ആരംഭിക്കുന്നതോ ആയ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കും. ഇതിലൂടെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ചിലവ് ക്രമീകരിക്കാനാവുമെന്നുമാണ് കണക്കുക്കൂട്ടല്‍. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനൊപ്പം ഇതുമായി ബന്ധിപ്പിക്കുന്ന അതത് സര്‍ക്കാര്‍ ജില്ലാ ആശുപത്രികളുടെയും നടത്തിപ്പും വികസനവും സ്വകാര്യ പങ്കാളിയുടെ ചുമതലയാകും.  

ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതോടെ രണ്ടുതരത്തിലുള്ള ഫീസുകളാവും കിടത്തി ചികിത്സയ്ക്ക് ഈടാക്കുക. പകുതി കിടക്കകള്‍ക്ക് സ്വകാര്യമേഖലയിലെ നിരക്കാവും വാങ്ങുക. സൗജന്യചികിത്സയ്ക്ക് അര്‍ഹരായവര്‍ക്ക് സബ്‌സിഡി നിരക്കില്‍ ചികിത്സ നല്‍കും. ഇതാണ് പ്രധാന നിര്‍ദേശം. ഏറക്കുറേ 50: 50 അനുപാതത്തിലായിരിക്കും ഇത് വിഭജിക്കുക. 

പുതിയ പദ്ധതിയുടെ കരട് നീതി ആയോഗ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. സ്വകാര്യമേഖലയില്‍നിന്നുള്ള പങ്കാളികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചശേഷം വിശദമായ പദ്ധതി തയ്യാറാക്കും. ജനുവരി അവസാനത്തോടെ സ്വകാര്യ പങ്കാളികളുടെ യോഗവും സംഘടിപ്പിക്കും. പുതിയ പദ്ധതിയിലൂടെ മെഡിക്കല്‍ കോളേജുകളുടെ കുറവും ജില്ലാ ആശുപത്രികളിലെ വികസനപ്രശ്‌നങ്ങളും ഒരുപോലെ പരിഹരിക്കപ്പെടുമെന്നാണ് കണക്കുക്കൂട്ടല്‍. 

Content Highlights: niti ayog plans to link private medical colleges with district hospitals