ന്യൂഡല്‍ഹി: ബിഹാറില്‍ ജാതി തിരിച്ചുള്ള സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കങ്ങളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രധാനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ നീതീഷ് കുമാര്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രം കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

നേരത്തെ ജെഡിയു എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയപ്പോഴും കേന്ദ്രം അനുവദിച്ചിരുന്നില്ല. ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു എംപിമാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. 

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇങ്ങനെയൊരു സെന്‍സസ് നടത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ ബോധിപ്പിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.  ജാതി തിരിച്ചുള്ള സെന്‍സസ് ഒരു വിഭാഗം ജനങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും, ഇത് ജനക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ക്ഷേമപദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനും സഹായിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 

അതേസമയം ജാതി തിരിച്ചുള്ള സെന്‍സസിനെതിരേ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഇത്തരം സെന്‍സസുകള്‍ സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കുമെന്നാണ് ബിജെപി നേതാവ് സഞ്ജയ് ജെയ്‌സ്വാളിന്റെ വാദം. എന്നാല്‍ ജാതി തിരിച്ചുള്ള സെന്‍സസ് ബിഹാര്‍ നിയമസഭ പാസ്സാക്കിയപ്പോള്‍ ഒരു ബിജെപി എംല്‍എപോലും എതിര്‍ത്തിട്ടില്ലെന്നും ഇപ്പോള്‍ ഈ തീരുമാനത്തെ ബിജെപി വിമര്‍ശിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
2021ലെ സെന്‍സസില്‍ പിന്നാക്ക സമുദായ വിവരശേഖരണമുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയിലും അറിയിച്ചിരുന്നു. 

എന്നാല്‍ ജാതി സെന്‍സസ് വേണമെന്ന ആവശ്യത്തിന് ബിഹാറിലെ ബിജെപി ഒഴികെയുള്ള മറ്റുപാര്‍ട്ടികളെല്ലാം പിന്തുണ നല്‍കിയിട്ടുണ്ട്. 

content highlights: nithish kumar wanted to meet prime minister to discuss about caste based census