പട്‌ന: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. പ്രതിപക്ഷം ബിഹാറിന്റെ പുത്രിയെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത് തോല്‍ക്കാനാണെന്നും നിതീഷ് കുറ്റപ്പെടുത്തി. ആര്‍ജെഡി സംഘടിപ്പിച്ച ഇഫ്താറിനിടെ ലാലുപ്രസാദ് യാദവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം അറിയിച്ചത്.
രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്നു എന്നതായിരുന്നു നിതീഷ് കുമാര്‍ തുടക്കം മുതലേ എടുത്ത നിലപാട്.
പ്രതിപക്ഷം മുന്‍ലോക്സഭാ സ്പീക്കര്‍ മീരാകുമാറിനെ സ്ഥാനാര്‍ഥിയാക്കിയ സാഹചര്യത്തില്‍ നിതീഷ് കുമാര്‍ തീരുമാനം പുനരാലോചിക്കണമെന്നും ബീഹാറിന്റെ പുത്രിയായ മീരാകുമാറിനെ പിന്തുണയ്ക്കണമെന്നും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് ആവശ്യപ്പെട്ടിരുന്നു.
എന്‍ഡിഎയുടെ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനം ചരിത്രപരമായ മണ്ടത്തരമാണെന്ന് ലാലു പ്രസാദ് വിശേഷിപ്പിച്ചിരുന്നു.
തുടര്‍ന്ന് ലാലുപ്രസാദ് യാദവ് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കവെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് അറിയിച്ചത്.
ബിഹാര്‍ സഖ്യകക്ഷികളാണ് നിതീഷ് കുമാറിന്റെ ജെഡിയുവും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും.