മുംബൈ: കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച എസ്.യു.വി കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ നിതാ അംബാനി ഗുജറാത്ത് യാത്ര റദ്ദാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. അംബാനിയുടെ ദക്ഷിണ മുംബൈയിലെ ആന്റിലിയ വസതിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. 

സ്‌ഫോടക വസ്തു നിറച്ച കാറും ഭീഷണി കത്തും കണ്ടെത്തിയതിന് തൊട്ടുപിന്നാലെ വിവരം മുകേഷ് അംബാനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തന്റെയും സോണല്‍ ഡിസിപിയുടെ നിര്‍ദേശപ്രകാരം അന്നേദിവസം ഗുജാറാത്തിലെ ജാംനഗറിലേക്ക് നിശ്ചയിച്ചിരുന്ന യാത്ര നിതാ അംബാനി മാറ്റിവെച്ചതായും സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയില്‍ പറയുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

അംബാനിയുടെ വസതിയിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. ഇവയെല്ലാം കര്‍ഷക സമരവുമായി ബന്ധപ്പെട്ടുള്ളതാണ്. സ്‌ഫോടക വസ്തു കണ്ടെത്തിയതിന് പിന്നില്‍ അംബാനി കുടുംബത്തിന് വ്യക്തിപരമായി ആരെയും സംശയമില്ലെന്നും അദ്ദേഹത്തിന്റെ മൊഴിയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. 

കേസില്‍ മുഖ്യപ്രതിയെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസേ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരേയുള്ള കുറ്റപത്രം കഴിഞ്ഞ ആഴ്ചയാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ചിരുന്നത്. പോലീസ് സേനയില്‍ തന്റെ പ്രശസ്തി വീണ്ടെടുക്കാന്‍ സച്ചിന്‍ വാസേ ആസൂത്രണം ചെയ്ത പദ്ധതിയാണ് അംബാനിക്കുള്ള ബോംബ് ഭീഷണിയെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ 20 ജലാറ്റിന്‍ സ്റ്റിക്ക് നിറച്ച എസ്.യു.വി കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ അറസ്റ്റിലായതിന് പിന്നാലെ മുഖ്യപ്രതി സച്ചിന്‍ വാസേയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സൂഖ് ഹിരേന്‍ കൊല്ലപ്പെട്ട കേസിലും സച്ചിന്‍ വാസേ പ്രതിയാണ്. 

content highlights: Nita Ambani Cancelled Gujarat Trip After SUV With Explosives Found Near Home: Report