പാരിസ്: റഫാല്‍ ഇടപാട് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍ സന്ദര്‍ശിച്ചു. റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ദസോ.

ദസോ ഏവിയേഷന്‍ അധികൃതരുമായി സംസാരിച്ച മന്ത്രി റഫാല്‍ വിമാനങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയതായും പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അടുത്ത വര്‍ഷം സെപ്റ്റംബര്‍ മുതല്‍ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കിത്തുടങ്ങുമെന്നാണ് വിവരം.

58,000 കോടിയുടെ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ എന്‍ഡിഎ സര്‍ക്കാര്‍ വിവാദക്കുരുക്കിലായതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ പാര്‍ലിയുമായും നിര്‍മ്മലാ സീതാരാമന്‍ കൂടിക്കാഴ്ച്ച നടത്തി.

പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു. റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കാന്‍ ദസോ ഏവിയേഷന്‍ നിര്‍ബന്ധിതരായെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ ഫ്രഞ്ച് മാധ്യമം മീഡിയാപാര്‍ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ട് ദസോ ഏവിയേഷന്‍ തള്ളിക്കളഞ്ഞിരുന്നു.