ന്യൂഡല്‍ഹി: രണ്ടാം സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനത്തില്‍ കൃഷിക്കും അനുബന്ധ മേഖലയ്ക്കുമുള്ള പദ്ധതികളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. 

ഇന്ത്യയിലെ കര്‍ഷര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായി ബന്ധപ്പെട്ടതും(അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ളവ) മൂന്നെണ്ണം ഭരണപരിഷ്‌കരണവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ സമയത്ത് താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ 74,300 കോടി രൂപയിലധികം നല്‍കി ഉല്‍പന്നങ്ങള്‍ വാങ്ങി. പി.എം. കിസാന്‍ ഫണ്ടിലൂടെ 18,700 കോടി രൂപയും പി.എം. ഫസല്‍ ബീമാ യോജന പ്രകാരം 64,000 കോടി രൂപയും കൈമാറിയതായി മന്ത്രി അറിയിച്ചു. 

ലോക്ക്ഡൗണ്‍ കാലയളവില്‍ പാലിന്റെ ആവശ്യകതയില്‍ 20-25 ശതമാനം കുറവുണ്ടായി. പ്രതിദിനം 560 ലക്ഷം ലിറ്റര്‍ പാല്‍ സഹകരണസംഘങ്ങള്‍ വഴി സംഭരിച്ചപ്പോള്‍ പ്രതിദിനം 360 ലക്ഷം ലിറ്റര്‍ പാലാണ് വിറ്റത്. 4,100 കോടി രൂപ നല്‍കി അധികം വന്ന 111 കോടി ലിറ്റര്‍ പാല്‍ സംഭരിച്ചു. ക്ഷീര സഹകരണങ്ങള്‍ക്ക് രണ്ടുശതമാനം വാര്‍ഷിക പലിശയില്‍ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടുകോടിയോളം ക്ഷീരകര്‍ഷര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അയ്യായിരം കോടിയുടെ അധിക പണലഭ്യത മേഖലയിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാന പ്രഖ്യാപനങ്ങള്‍

  • ''വോക്കല്‍ ഫോര്‍ ലോക്കല്‍ വിത്ത് ഗ്ലോബല്‍ ഔട്ട് റീച്ച്'' എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി അസംഘടിത മേഖലയിലെ മൈക്രോ ഫുഡ് എന്റര്‍പ്രെസസി(എം.എഫ്.ഇ.)നു വേണ്ടി 10,000 കോടിയുടെ പദ്ധതി നടപ്പാക്കും. എഫ്.എസ്.എസ്.എ.ഐ.യുടെ അംഗീകാരം ലഭിക്കുന്നതിനും ബ്രാന്‍ഡിങ്ങിനും വില്‍പനയ്ക്കും എം.എഫ്.ഇ.കള്‍ക്ക് സാങ്കേതിക നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. ഇതിനായാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് രണ്ടുലക്ഷം മൈക്രോ ഫുഡ് എന്റര്‍പ്രൈസസിന് ഗുണം ചെയ്യും. നിലവിലുള്ള മൈക്രോ ഫുഡ് എന്റര്‍പ്രൈസസുകള്‍, ഫാര്‍മര്‍-പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍,സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കും സഹായം നല്‍കും. 
  • സമുദ്ര-ഉള്‍നാടന്‍ മത്സ്യക്കൃഷിക്ക് 20,000 കോടിയുടെ "പ്രധാനമന്ത്രി മത്സ്യ സമ്പാദന്‍ യോജന" നടപ്പാക്കും. ഇതില്‍ 11,000 കോടി സമുദ്ര-ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്കും അക്വാ കള്‍ച്ചറിനുമാണ്. 9000 കോടി രൂപ ഹാര്‍ബറുകളുടെയും ശീതീകരണ ശൃഖംലയുടെയും മാര്‍ക്കറ്റുകളുടെയും അടിസ്ഥാന സൗകര്യവികസനത്തിന്. 55 ലക്ഷം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
  • മൃഗങ്ങളിലെ കുളമ്പുരോഗം(ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ്), ബാക്ടീരിയ ജന്യയോഗം(ബ്രൂസെല്ലോസിസ്) എന്നിവ നിര്‍മാര്‍ജനം ചെയ്യുന്നതിന് 1,343 കോടിയുടെ നാഷണല്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പദ്ധതി. 
  • മൃഗസംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടിയുടെ ഫണ്ട്.
  • ഔഷധ സസ്യക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ 4,000 കോടി. അടുത്ത രണ്ടുവര്‍ഷത്തിനകം 10 ലക്ഷം ഹെക്ടറില്‍ ഔഷധ സസ്യക്കൃഷി ലക്ഷ്യം. ഗംഗാ തീരത്ത് 800 ഹെക്ടര്‍ സ്ഥലം ഔഷധ സസ്യ ഇടനാഴിയാക്കും. 
  • തേനീച്ച വളര്‍ത്തലിന് അഞ്ഞൂറു കോടി രൂപ. രണ്ടുലക്ഷത്തോളം തേനീച്ച കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.
  • പച്ചക്കറി മേഖലയ്ക്ക് 500 കോടി. ഉത്പന്നങ്ങള്‍ അധികമുള്ള വിപണിയില്‍നിന്ന് ഉത്പന്നങ്ങള്‍ ലഭ്യമല്ലാത്ത വിപണികളിലേക്ക് ഇവ എത്തിക്കുന്നതിന് ഗതാഗത സൗകര്യത്തിന് 50 ശതമാനം സബ്‌സിഡി. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കു മാത്രമായിരുന്ന ''ഓപ്പറേഷന്‍ ഗ്രീന്‍'' പദ്ധതിയിലേക്ക് മുഴുവന്‍ പച്ചക്കറികളെയും പഴങ്ങളെയും ഉള്‍പ്പെടുത്തി. പദ്ധതി ആദ്യഘട്ടത്തില്‍ ആറുമാസം നടപ്പാക്കും. പിന്നീട് വിപുലപ്പെടുത്തുകയും കാലയളവ് നീട്ടുകയും ചെയ്യും. 
  • അവശ്യവസ്തു നിയമം ഭേദഗതി ചെയ്യും. ആകര്‍ഷകമായ വിലയില്‍ വില്‍പ്പന നടത്താനും കടമ്പകളില്ലാത്ത അന്തര്‍സംസ്ഥാന വിപണനത്തിനും കാര്‍ഷിക ഉത്പന്നങ്ങളുടെ ഡിജിറ്റല്‍ കച്ചവടത്തിനും ലക്ഷ്യമിട്ട് ദേശീയ നിയമത്തിനു രൂപം നല്‍കും. 

content highlights: nirmala sitharaman press conference,Tranche three to focus on agriculture and allied sectors