ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രതിപക്ഷം ഇന്ത്യയുടെ പ്രതിച്ഛായയെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വാക്‌സിനേഷന്‍ പദ്ധതിയുടെ പേരില്‍ രാജ്യാന്തരതലത്തില്‍ ഇന്ത്യ പ്രശംസിക്കപ്പെടുമ്പോഴും അതിന്റെ ആരംഭകാലം മുതല്‍ പ്രതിപക്ഷം പരത്തിയ സന്ദേഹങ്ങളെ കുറിച്ച് ഓര്‍ക്കുന്നുണ്ടെന്ന് നിര്‍മല പറഞ്ഞു. നൂറുകോടിയിലധികം ഡോസ് വാക്‌സിന്‍ വിപുലമായ ക്രമീകരണത്തിലൂടെ വിതരണം ചെയ്തതിന് രാജ്യാന്തരതലത്തില്‍ ഇന്ത്യ പ്രശംസിക്കപ്പെടുകയാണ്. വാക്‌സിനേഷനും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 36,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീര്‍ ഭീകരവാദത്തില്‍നിന്ന് വികസനത്തിലേക്ക് നീങ്ങുകയാണെന്നും നിര്‍മല പറഞ്ഞു. 2004-നും 2014-നും ഇടയില്‍, ജമ്മു കശ്മീരില്‍  ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 2,081 പേര്‍ കൊല്ലപ്പെട്ടിരുന്നെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. എന്നാല്‍ 2014-നും 2021 സെപ്റ്റംബറിനും ഇടയില്‍ 239 സാധാരണക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരില്‍ സമാധാനം സ്ഥാപിക്കപ്പെട്ടു എന്നാണിത് കാണിക്കുന്നതെന്നും നിര്‍മല പറഞ്ഞു.

content highlights: nirmala sitharaman listing out central governments accomplishments in bjp national executive