ബെംഗളൂരു: പാകിസ്താനെതിരായ മിന്നലാക്രമണത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിനെ ന്യായീകരിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. മിന്നലാക്രമണം സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുന്നുവെന്ന വിമര്‍ശം ഉയര്‍ന്നതിന് പിന്നാലെയാണിത്. സൈന്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കാന്‍ ഒരുതരത്തിലും അനുവദിക്കില്ല.

നിരായുധരായി വിശ്രമിച്ച സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയതിനാണ് ഇന്ത്യ അതിര്‍ത്തികടന്ന് മിന്നലാക്രമണം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ സൈനികരെ ആക്രമിച്ചതിനെതിരെ ഇന്ത്യയുടെ പ്രതികാര നടപടി മാത്രമായതിനെ അതിനെ കാണരുത്. രാജ്യത്തിന്റെ അഭിമാന നിമിഷമായി മിന്നലാക്രമണത്തെ കാണുന്നതു കൊണ്ടാണ് വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

അതിര്‍ത്തിയില്‍ താവളമുണ്ടാക്കി ആക്രമണത്തിന് തയ്യാറെടുത്തിരുന്ന ഭീകരര്‍ക്ക് സൗകര്യം നല്‍കിയ രാജ്യത്തിനെതിരെ നടപടിയെടുത്തത് തെറ്റായി കാണാനാവില്ലെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റക്കാരെ തടയേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ആഘോഷത്തില്‍ ധാരാളം പേര്‍ പങ്കെടുത്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പരാക്രം പര്‍വ് എന്ന പേരിലാണ് മിന്നലാക്രമണത്തിന്റെ വാര്‍ഷികം കേന്ദ്രസര്‍ക്കാര്‍ ആഘോഷിച്ചത്. രാജ്യത്തിലെ അന്‍പതോളം നഗരങ്ങളില്‍ മൂന്നു ദിവസമാണ് ആഘോഷം സംഘടിപ്പിച്ചത്.