ന്യൂഡല്‍ഹി: അധികം ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഉള്ളി കഴിക്കാറില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വെണ്ണപ്പഴമാണോ (അവക്കാഡോ) കഴിക്കുന്നതെന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം. 

'ഞാന്‍ പരിഹസിക്കുന്നതല്ല, അവരുടെ വാക്കുകള്‍ എടുത്തുപറഞ്ഞന്നേയുള്ളൂ. ഇപ്പോള്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നത് ചര്‍ച്ച ചെയ്തിട്ട് എന്താണ് കാര്യം. അതിനെല്ലാം നേരത്തെ പദ്ധതി തയ്യാറാക്കേണ്ടതായിരുന്നു'- ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഉള്ളി വില വര്‍ധനവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉള്ളി കഴിക്കാറില്ലെന്നാണ് കേന്ദ്ര ധനമന്ത്രി പറഞ്ഞത്. ഈ സര്‍ക്കാരിന്റെ മാനസികാവസ്ഥയാണ് ആ പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ഉള്ളി വില സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിവാദ പരാമര്‍ശം നടത്തിയത്. താന്‍ ഉള്ളിയോ വെളുത്തുള്ളിയോ അധികം കഴിക്കാറില്ലെന്നും ഉള്ളി അധികം ഉപയോഗിക്കാത്ത കുടുംബത്തില്‍നിന്നാണ് താന്‍ വരുന്നതെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 

Content Highlights: nirmala sitaraman says she does not eat onion, p chidambaram asks does she eat avocado