ബെംഗളൂരു: ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച നിര്‍ഭയേയും അമ്മയേയും കുറിച്ച് വിവാദ പരാമര്‍ശം നടത്തി കര്‍ണാടക മുന്‍ ഡിജിപി കുരുക്കിലായി. നിര്‍ഭയയുടെ അമ്മ ആശാദേവിയടക്കമുള്ളവരെ ആദരിക്കുന്ന ഒരു ചടങ്ങിനിടെയാണ് കര്‍ണാടക മുന്‍ ഡിജിപി എച്ച്.ടി.സംഗ്ലിയാന വിവാദ പ്രസ്താവന നടത്തിയത്. 

നിര്‍ഭയയുടെ അമ്മയക്ക് മികച്ച ശരീര പ്രകൃതിയാണ് ഉള്ളത്. അപ്പോള്‍ ഇവരുടെ മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളുവെന്നാണ് ചടങ്ങില്‍ സംസാരിക്കുന്നിതിനിടെ സംഗ്ലിയാന പറഞ്ഞത്. ബെംഗളൂരു മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

കഠിനപ്രയത്‌നം നടത്തുന്ന സ്ത്രീകളെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. പ്രസംഗത്തിനിടെ സംഗ്ലിയാനയുടെ പരാമര്‍ശത്തിനിടെ ചടങ്ങില്‍ പങ്കെടുത്തവര്‍ തന്നെ രംഗത്തെത്തി. നിര്‍ഭയയെ കുറിച്ചുള്ള പരാമര്‍ശത്തോടൊപ്പം സംഗ്ലിയാന സ്ത്രീകള്‍ക്ക് നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങളും വിവാദമായി. 

നിങ്ങള്‍ക്ക് നേരെ ആരെങ്കിലും ബലംപ്രയോഗിക്കാന്‍ നോക്കിയാല്‍ കീഴടങ്ങുക. അതാണ് സുരക്ഷിതം. കൊല്ലപ്പെടുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് അദ്ദേഹം കൊടുത്ത നിര്‍ദേശം.

അതേ സമയം നിര്‍ഭയയുടെ അമ്മ സംഗ്ലിയാനയുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. നീതി എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അവര്‍ പറഞ്ഞു. നമുക്ക് പോലീസും നിയമവുമൊക്കെയുണ്ട്. എന്നാല്‍ നീതി അത്രം എളുപ്പം കിട്ടില്ലെന്നും അവര്‍ പറഞ്ഞു.