ന്യൂഡല്‍ഹി: വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ വീണ്ടും അപേക്ഷ നല്‍കി. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന് മുന്നിലാണ് പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 

അഭിഭാഷകന്‍ എ പി സിങ് വഴിയാണ് വിനയ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യറിലെ (സിആര്‍പിസി) 432, 433 വകുപ്പുകള്‍ പ്രകാരമാണ് അപേക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്ക് വിധിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷക്ക് താന്‍ അര്‍ഹനല്ലെന്നും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നുമാണ് വിനയ് ശര്‍മ പറയുന്നത്.

'സ്വയംമാറാനുള്ള ശ്രമങ്ങള്‍, പ്രായക്കുറവ്, മോശം സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത്, വധശിക്ഷ ജീവപര്യന്തം തടവായി മാറ്റണമെന്ന് താഴ്മയോടെ അഭ്യര്‍ഥിക്കുന്നു.'-ഹര്‍ജിയില്‍ പറയുന്നു.

നിര്‍ഭയ കേസിലെ നാലുപ്രതികളെയും 20-നു രാവിലെ 5.30-ന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റാന്‍ ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത് മാര്‍ച്ച് അഞ്ചിനാണ്. 

പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതിനാല്‍ പുതിയ മരണവാറന്റ് ഇറക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാരും ജയിലധികൃതരും നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. പ്രതികളുടെ വധശിക്ഷ മുമ്പ് മൂന്നുതവണ മാറ്റിവെച്ചിരുന്നു.

മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി മാര്‍ച്ച് നാലിന് രാഷ്ട്രപതി തള്ളിയിരുന്നു. 

Content Highlights:Nirbhaya case: Vinay Sharma files new mercy plea