ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തി. ആരാച്ചാര്‍ പവന്‍ ജെല്ലാദ് ബുധനാഴ്ച രാവിലെയാണ് ഡമ്മി പരീക്ഷണം നടത്തിയത്. മുകേഷ് സിങ്, അക്ഷയ് സിങ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ നാല് പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30നാണ് നടപ്പാക്കുക. 

കൃത്യം നടന്ന ദിവസം താന്‍ ഡല്‍ഹിലുണ്ടായിരുന്നില്ലെന്ന് കാണിച്ച് പ്രതികളിലൊരാളായ മുകേഷ് സിങ് സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച ഡല്‍ഹി പട്യാല ഹൗസ്‌ കോടതി തള്ളിയിരുന്നു. ശിക്ഷ സ്റ്റേ ചെയ്യാന്‍ നിയമപരമായ എല്ലാ വഴികളും അവസാനിച്ചതോടെ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികള്‍ നേരത്തെ അന്താരാഷ്ട്ര കോടതിയേയും സമീപിച്ചിരുന്നു. 

പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണ വാറണ്ടാണിത്. നേരത്തെ മൂന്ന് തവണയും പ്രതികളുടെ ഹര്‍ജികളില്‍ കോടതി തീര്‍പ്പ് കല്‍പിക്കാത്തതിനാല്‍ വിചാരണ കോടതി മരണ വാറണ്ട് റദ്ദാക്കിയിരുന്നു. കേസില്‍ പ്രതിയായ റാം സിങ് നേരത്തെ ജയിലിനുള്ളില്‍ തുങ്ങിമരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്ന് വര്‍ഷത്തെ ജുവനൈല്‍ വാസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തു.

content highlights; Nirbhaya case: Hangman conducts dummy execution at Tihar ahead of hanging