ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളായ വിനയ് ശര്‍മ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സെല്ലിനുള്ളിലെ ചുമരില്‍ തലയിടിച്ചാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചത്. ഫെബ്രുവരി 16 നാണ് സംഭവം. ഇയാള്‍ക്ക് വേണ്ട ചികിത്സ നല്‍കിയതായി തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. വിനയ് ശര്‍മയുടെ പരിക്ക് നിസാരമാണ്. 

വിനയ് ശര്‍മ ജയിലിനുള്ളില്‍ നിരാഹാരസമരത്തിലാണെന്നും ജയിലിനുള്ളില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റതായും ഇയാളുടെ അഭിഭാഷകന്‍ ഈയാഴ്ചയുടെ തുടക്കത്തില്‍ കോടതിയെ അറിയിച്ചിരുന്നു. ഇയാള്‍ ഗുരുതര മാനസികരോഗത്തില്‍ പെട്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വിനയ് ശര്‍മയ്ക്ക് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു. 

നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണയാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണയുടെ ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു. 

 

Coontent Highlights: Nirbhaya case death row convict Vinay Sharma attempts to hurt himself in jail