ന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി പട്യാല ഹൗസിലെ വിചാരണ കോടതി സ്റ്റേ ചെയ്തു. ഇതനുസരിച്ച് പ്രതികളുടെ വധശിക്ഷ നാളെ ഉണ്ടാവില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മരണവാറന്റ് നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുന്നതായും കോടതി പറഞ്ഞു. 

പവന്‍ ഗുപ്തയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും രാഷ്ട്രപതി അക്കാര്യത്തില്‍ തീരുമാനം എടുക്കാനിരിക്കുന്ന സാഹചര്യത്തില്‍ നാളെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പവന്‍ ഗുപ്ത കോടതിയെ സമീപിച്ചത്. 

നേരത്തെ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. നേരത്തെ ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. തന്റെ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് പവന്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം ജസ്റ്റിസ് എം.വി. രമണയുടെ ബെഞ്ച് അംഗീകരിച്ചില്ല. 

നേരത്തെ ജനുവരി 22-നും ഫെബ്രുവരി 1-നും മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നു റദ്ദാക്കിയിരുന്നു.

Content Highlights: Nirbhaya Case: Convicts Won't Be Hanged Tomorrow, Says Delhi Judge