നിര്‍ഭയയുടെ ഘാതകര്‍ തൂക്കുമരത്തിലേക്ക്


രാജേഷ് കോയിക്കല്‍/ മാതൃഭൂമി ന്യൂസ്

നിഷ്ഠൂരവും നിന്ദ്യവുമായ സംഭവം സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങി. രാജ്യതലസ്ഥാനം പ്രതിഷേധത്താല്‍ പ്രകമ്പനം കൊണ്ടു. കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ച് നീതിന്യായപീഠം നിര്‍ഭയയോടും പ്രതിഷേധക്കാരോടും നീതി പുലര്‍ത്തി.

അക്ഷയ് ഠാക്കൂർ, വിനയ് ശർമ, പവൻ ഗുപ്ത, മുകേഷ് സിങ്(ഘടികാരക്രമത്തിൽ).Photo: PTI

തിഹാറില്‍ തൂക്കുമരം ഒരുങ്ങി. നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളെ തൂക്കിലേറ്റാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നിയമപരമായ എല്ലാ അവകാശങ്ങളും പൂര്‍ത്തിയാക്കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കിയശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. സ്വാതന്ത്ര്യാനാന്തര ഭാരതത്തില്‍ നാലുപേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത് ഇതാദ്യം.

ഡിസംബറിന്റെ തേങ്ങല്‍

2012 ഡിസംബര്‍ 16 രാത്രി. തണുപ്പാണെങ്കിലും ഡല്‍ഹി നഗരം ഉറങ്ങിയിരുന്നില്ല. ആളനക്കം കുറഞ്ഞ മുനിര്‍ക്ക റോഡില്‍ ദ്വാരകയിലേക്കുളള ബസ് കാത്തുനില്‍ക്കുകയായിരുന്നു നിര്‍ഭയയും സുഹൃത്തും. കൈകാണിച്ചെങ്കിലും വാഹനങ്ങള്‍ പലതും അവരെ അവഗണിച്ചു.

ഏറെ നേരത്തേ കാത്തിരിപ്പിനുശേഷം അതുവഴിവന്ന വൈറ്റ്ലൈന്‍ ബസില്‍ ഇരുവരും കയറി. ഡ്രൈവര്‍ ഉള്‍പ്പടെ ബസില്‍ അപരിചിതരായ ആറുപേര്‍. വൈകാതെ അപരിചിതര്‍ അക്രമികളായി മാറി. അവര്‍ നിര്‍ഭയയെ ശല്യപ്പെടുത്തി. തടയാന്‍ ശ്രമിച്ച നിര്‍ഭയയുടെ സുഹൃത്തിനെ അക്രമിസംഘം ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ച് അവശനാക്കി.

ക്രൂരപീഡനത്തിനു ശേഷം നിര്‍ഭയയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നിര്‍ഭയയേയും സുഹൃത്തിനേയും അര്‍ധനഗ്നരാക്കി റോഡരികില്‍ വലിച്ചെറിഞ്ഞ് അക്രമികള്‍ കടന്നുകളഞ്ഞു. ജീവിതത്തിലേക്ക് തിരിച്ചുവരാനുളള പോരാട്ടം അവസാനിപ്പിച്ച് ഡിസംബര്‍ 29ന് നിര്‍ഭയ ലോകത്തോട് വിട പറഞ്ഞു.

പ്രതിഷേധക്കടല്‍, പ്രതികള്‍ പിടിയിലാകുന്നു

നിഷ്ഠൂരവും നിന്ദ്യവുമായ സംഭവം സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങി. രാജ്യതലസ്ഥാനം പ്രതിഷേധത്താല്‍ പ്രകമ്പനം കൊണ്ടു. കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ച് നീതിന്യായപീഠം നിര്‍ഭയയോടും പ്രതിഷേധക്കാരോടും നീതി പുലര്‍ത്തി.

പ്രതിഷേധങ്ങള്‍ക്കിടെ പ്രതികള്‍ പൊലീസ് പിടിയിലായി. ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ് സിങ്. ജിംനേഷ്യം പരിശീലകന്‍ വിനയ് ശര്‍മ, കച്ചവടക്കാരന്‍ പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍, കൂടാതെ ഇന്നും അജ്ഞാതനായി കഴിയുന്ന പ്രായപൂര്‍ത്തിയാകാത്തയാളും.

തട്ടിക്കൊണ്ടുപോകലും പീഡിപ്പിക്കലും, കൂട്ടബലാത്സംഗം, മോഷണ ശ്രമത്തിനിടെയുളള അക്രമം എന്നീ കുറ്റങ്ങള്‍ പ്രകാരമായിരുന്നു കേസ്. നിര്‍ഭയയോട് ഏറ്റവും കൂടുതല്‍ ക്രൂരത കാട്ടിയ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് 2013 ഓഗസ്ത് 30ന് മൂന്നുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. തിഹാര്‍ ജയില്‍വാസത്തിനിടെ രാംസിങ് ആത്മഹത്യചെയ്തു. സെപ്റ്റംബര്‍ 13ന് കേസിലെ നാല് പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു.

ആരാച്ചാരെ തേടി

നിര്‍ഭയ കൊല്ലപ്പെട്ട് ഏഴുവര്‍ഷത്തിനുശഷമാണ് ശിക്ഷ നടപ്പാക്കപ്പെടുന്നത്. സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടം. രാഷ്ട്രപതിക്കു മുന്നില്‍ ദയാഹര്‍ജികള്‍. ദയ അര്‍ഹിക്കാത്ത പ്രതികള്‍ മരണത്തിന് കാതോര്‍ക്കുമ്പോള്‍ നിയമം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ആരാച്ചാര്‍ പവന്‍ ജല്ലാദ്. മീററ്റ് കാന്‍ഷിറാം കോളനിയിലെ ഒറ്റമുറി വീട്ടില്‍ പവന്‍ ജല്ലാദിന്റെ മാസങ്ങളായ കാത്തിരിപ്പ് അവസാനിക്കുന്നു. നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റാന്‍ ജല്ലാദ് തയ്യാര്‍.

ഡിസംബറില്‍ ആരാച്ചാരെതേടി തിഹാര്‍ ജയില്‍ അധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍വകുപ്പിന് കത്ത് അയച്ചതോടെയാണ് പവന്‍ ജല്ലാദ് വീണ്ടും വാര്‍ത്തകളിലെത്തിയത്. രണ്ട് ആരാച്ചാര്‍മാരെ വിട്ടുനല്‍കാമെന്നു യു.പി. ജയില്‍വകുപ്പ് മറുപടി നല്‍കി. ലഖ്നൗവിലെ ആരാച്ചാര്‍ രോഗബാധിതനായതോടെ നാലുപേരേയും തൂക്കിലേറ്റാനുളള ദൗത്യം പവന്റെ ചുമലിലായി.

തൂക്കിലേറ്റാനുളള ഉത്തരവ് ലഭിച്ചതോടെ പൊലീസ് സുരക്ഷയിലായിരുന്നു ജല്ലാദിന്റെ ജീവിതം. സന്ദര്‍ശകര്‍ക്കു കര്‍ശനനിയന്ത്രണം. കുടുംബത്തിലെ നാലാംതലമുറയിലെ ആരാച്ചാറാണ് പവന്‍.

1989. ജയ്പൂര്‍ ജയില്‍. ബലാത്സംഗകേസ് പ്രതിയെ തൂക്കിലേറ്റാനുളള നിയോഗം പവന്‍ ജല്ലാദിന്റെ മുത്തച്ഛന്‍ കല്ലൂറാമിന്. മുത്തച്ഛനൊപ്പമെത്തിയ പവന്‍ കൊലമരത്തിനുതാഴെ പ്രതിയുടെ കാലുകള്‍ ബന്ധിച്ചു. പ്രാര്‍ത്ഥനകളോടെ മരണത്തിലേക്ക് യാത്രയാകുന്ന അജ്ഞാതന്റെ ഹൃദയമിടിപ്പ് അടുത്തറിഞ്ഞു. നൊടിയിടയില്‍ കഴുമരമേറിയ ആളുടെ ജീവനറ്റ ശരീരത്തിന്റെ ചൂട് തൊട്ടറിഞ്ഞ് ഭീതിമാറ്റിയ ജല്ലാദ് ആരാച്ചാരിലേക്ക് വേഷപ്പകര്‍ച്ച നടത്തി.

ശിക്ഷ നടപ്പാക്കുന്നതിന് രണ്ടോമൂന്നോ ദിവസങ്ങള്‍ക്കു മുമ്പ് ജല്ലാദ് ജയിലിലെത്തും. കൊലമരം കണ്ട് ബോധ്യപ്പെടും. തൂക്കാന്‍ ഉപയോഗിക്കുന്ന കയറിന്റെ കുരുക്ക് പരിശോധിക്കും. കഴുത്തില്‍ കയര്‍ കുരുങ്ങി മുറിവുണ്ടാകില്ലെന്ന ഉറപ്പുവരുത്തും. കുറഞ്ഞ സമയത്തില്‍ മരണം സംഭവിക്കണം. പ്രതികളുടെ ഡമ്മികളില്‍ തുടര്‍ച്ചയായി പരീക്ഷണം.

ആഗ്ര ജയിലില്‍ ബലാത്സംഗകേസ് പ്രതി ജുമ്മനെ കഴുമരമേറ്റി. ജയ്പൂരിലും അലഹബാദിലുമായി രണ്ടുപേരെ. പട്യാലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ രണ്ടുപേരുടെയും വധശിക്ഷ പവന്‍ ഇതുവരെ നടപ്പാക്കിയിട്ടുണ്ട്.

തൂക്കിലേറ്റുന്നതിനു മുഖാവരണവുമായി സമീപിക്കുമ്പോള്‍ പ്രതികള്‍ കണ്ണുകളാല്‍ ആശയവിനിമയം നടത്തും. ചിലപ്പോള്‍ ജീവിക്കാനുളള മോഹമാകാം, അല്ലെങ്കില്‍ ചെയ്തുപോയ തെറ്റിന്റെ പശ്ചാത്താപമാകാം. കയറിനാല്‍ കൈകാലുകള്‍ ബന്ധിക്കുമ്പോള്‍ തണുത്തു മരവിച്ച ശരീരത്തിന്റെ നിസ്സംഗത ബോധ്യപ്പെടും.

കുരുക്കിടുമ്പോള്‍ അജ്ഞാതന്റെ മുഖഭാവം എന്തായിരിക്കുമെന്ന് പലപ്പോഴും പവന്‍ ആലോചിച്ചിട്ടുണ്ട്. കറുത്തതുണിയ്ക്കുള്ളില്‍ തേങ്ങല്‍ കേട്ടിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ ഉത്തരവും ലിവര്‍ വലിക്കലും ഒപ്പം. ചെറിയ പിടപ്പ്. മൃതദേഹത്തില്‍ നിന്ന് കയര്‍ ഊരിയെടുക്കുമ്പോള്‍ നിയമം നടപ്പാക്കിയ അഭിമാനമാണ് പവന്.

കൊലക്കയര്‍ ബക്‌സര്‍ ജയിലിന്റെ കുത്തക

വധശിക്ഷ നടപ്പാക്കാന്‍ ഉപയോഗിക്കുന്ന കയറിനുമുണ്ട് ചരിത്രവും വര്‍ത്തമാനവും. ബിഹാറിലെ ബക്സര്‍ സെന്‍ട്രല്‍ ജയിലിന്റെ കുത്തക അവകാശമാണ് തൂക്കുകയര്‍ നിര്‍മാണം. ഫാക്ടറി നിയമപ്രകാരം മറ്റാരെങ്കിലും തൂക്കുകയര്‍ നിര്‍മിക്കുന്നത് ശിക്ഷാര്‍ഹമാണ്.

ബംഗാളില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം വ്യാപിപ്പിച്ചതിനുപിന്നാലെയാണ് തൂക്കുകയറിന്റെ ചരിത്രമാരംഭിക്കുന്നത്. കയര്‍ ഉണ്ടാക്കാനുളള യന്ത്രം കൊണ്ടുവന്നത് ബ്രിട്ടനില്‍ നിന്ന്. ബിഹാറിലെ ബക്സര്‍ സെന്‍ട്രല്‍ ജയിലിനാണ് കയര്‍ നിര്‍മിക്കാനുളള നിയമപരമായ അവകാശം.

ബക്സര്‍ മനിലകയര്‍ എന്നാണ് ഔദ്യോഗികനാമം. മാഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ മുതല്‍ അഫ്സല്‍ ഗുരു, യാക്കൂബ് മേമന്‍, അജ്മല്‍ കസബ് വരെയുളളവരെ തൂക്കിലേറ്റാന്‍ ഉപയോഗിച്ചത് ഇവിടത്തെ കയറാണ്.

സാധാരണകയറുകളില്‍നിന്ന് വ്യത്യസ്തമാണ് തൂക്കുകയര്‍. വളരെ മൃദുവായതും ശക്തിയേറിയതുമാണ്. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബക്സര്‍ ജയിലിലെ കാലാവസ്ഥയും ജയിലിലെ വെളളത്തിന്റെ പ്രത്യേകതയും കയറിനെ കൂടുതല്‍ കരുത്തുളളതാക്കി മാറ്റുന്നു. നദിയോടു ചേര്‍ന്നുളള കിണറിലെ വെളളമാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ജെ 34 എന്ന് വിളിപ്പേരുളള നാരുകള്‍ ഉപയോഗിച്ചാണ് നിര്‍മാണം.

ആദ്യകാലങ്ങളില്‍ കയര്‍ നിര്‍മിക്കാന്‍ പരുത്തി കൃഷി ചെയ്തിരുന്നത് പഞ്ചാബിലാണ്. ഇപ്പോള്‍ ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍നിന്നും ഇറക്കുമതി ചെയ്ത നാരുകളാണ് ഉപയോഗിക്കുന്നത്. 154നാരുകള്‍ ചേര്‍ന്നതാണ് ഒരു നൂല്. ഇത്തരത്തില്‍ ആറ് നൂലുകള്‍ ചേര്‍ത്താല്‍ കയറാകും.
കയറിന്റെ മൃദുത്വം ഉറപ്പിക്കാന്‍ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ധാരാളം വെള്ളം ഉപയോഗിച്ച് നനയ്ക്കും. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ 10 കയറുകളാണ് നിര്‍മിച്ചിരിക്കുന്നത്.

ജയിലിലെ അന്തേവാസികളാണ് കയര്‍ നിര്‍മിക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരില്‍ മുതിര്‍ന്നയാളുകളെ ഇതിനായി നിയോഗിക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കയര്‍ നിര്‍മാണത്തിന് ചുമതലപ്പെടുത്താറില്ല. ഏറെ വൈദഗ്ധ്യം വേണ്ട തൊഴിലാണ് കൊലക്കയര്‍ നിര്‍മാണം. ജയിലിലെ അഞ്ച് പേര്‍ക്കാണ് നിര്‍മാണചുമതല.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുതിര്‍ന്നവരെ ഇതിനായി നിയോഗിക്കും. കഴുത്തില്‍ കയര്‍ കുരുകിയുളള മരണമെന്നാണ് വധശിക്ഷ നടപ്പാക്കുന്ന നിയമത്തില്‍ പറയുന്നത്. കയര്‍ ഉരഞ്ഞ് കഴുത്തില്‍ മുറിവുണ്ടാക്കരുത്. മുറിവുണ്ടെങ്കില്‍ ഇക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയണമെന്നും നിയമം അനുശാസിക്കുന്നു. ഒരാളെ തൂക്കിലേറ്റുന്ന കയര്‍ വേണമെങ്കില്‍ വീണ്ടും ഉപയോഗിക്കാം. എന്നാല്‍ രാജ്യത്ത് വധശിക്ഷ അടക്കടി നടപ്പാക്കാത്തതിനാല്‍ ഇത് സാധ്യമല്ല. 20 വര്‍ഷത്തിനിടെ 4 പേരെ മാത്രമാണ് രാജ്യത്ത് തൂക്കിലേറ്റിയത്.

മരണമെത്തുമ്പോള്‍

തൂക്കിക്കൊല്ലുന്നത് നമ്മളെല്ലാം കണ്ടിരിക്കുന്നത് സിനിമകളിലാണ്. നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മരണം. മരണവാറണ്ട് പുറപ്പെടുവിക്കുന്നത് മുതല്‍ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതുവരെ നടപടിക്രമങ്ങള്‍ നിരവധി.

മരണവാറണ്ട് പുറപ്പെടുവിക്കുന്നത് എങ്ങനെ, തൂക്കിലേറ്റുന്നത് മുമ്പുളള നടപടി ക്രമങ്ങള്‍ എന്ത്, കുറ്റവാളിയോട് അവസാനമായി എന്താണ് പറയുക, ഏത് തരത്തിലാണ് ഒരാളെ തൂക്കിലേറ്റുന്നത്. ചോദ്യങ്ങള്‍ നിരവധി. വധശിക്ഷ ശരിവെച്ചാല്‍പിന്നെ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി, തിരുത്തല്‍ ഹര്‍ജി എന്നിവ സമര്‍പ്പിക്കുക മാത്രമാണ് പ്രതികള്‍ക്കു മുന്നിലെ നിയമവഴികള്‍.

ഹര്‍ജികളെല്ലാം തളളിയാല്‍ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിക്കാം. രാഷ്ട്രപതിയില്‍നിന്ന് അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍ കോടതി മരണവാറണ്ട് പുറപ്പെടുവിക്കും. 14ദിവസത്തെ നോട്ടീസ് നല്‍കിയുളള മരണവാറണ്ടില്‍ തൂക്കിക്കൊല്ലുന്ന സ്ഥലം, തീയതി, സമയം എന്നിവ രേഖപ്പെടുത്തും. മരണവാറന്റ് പുറപ്പെടുവിച്ചാല്‍ പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ആത്മഹത്യ ചെയ്യാതിരിക്കാന്‍ കര്‍ശനസുരക്ഷ.

ജില്ലാ മജിസ്ട്രേറ്റ് സെല്ലിലെത്തി അവസാനആഗ്രഹം ചോദിക്കും. നിയമപരിധിക്കുളളില്‍ നിന്ന് എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കും. തൂക്കിലേറ്റുന്ന ദിനം പുലര്‍ച്ചെ നാലുമണിക്കാണ് പ്രതിയെ ഉണര്‍ത്തുക. ധരിക്കാന്‍ പുതുവസ്ത്രം നല്‍കും. തൂക്കുമരത്തിലേക്ക് 12 സായുധ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ അനുഗമിക്കും.

സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, ജയിലര്‍, ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട്, സായുധ പൊലീസുകാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ശിക്ഷ നടപ്പാക്കുക. ഈസമയം ഉദ്യോഗസ്ഥര്‍ പരസ്പരം സംസാരിക്കില്ല. പരിപൂര്‍ണ നിശബ്ദതയായിരിക്കും. ജയില്‍ സുപ്രണ്ട് മരണവാറണ്ട് വായിക്കും. തുടര്‍ന്ന് വാറണ്ടില്‍ പ്രതി ഒപ്പുവെയ്ക്കും.

ജയിലറുടെ നിര്‍ദേശപ്രകാരം ആരാച്ചാര്‍ കറുത്ത മുഖാവരണം അണിയിക്കും. ഇതിനുപിന്നാലെ തൂക്കുകയര്‍ കഴുത്തിലിടും. ജയിലര്‍ തൂവാല താഴെയിടുന്നതോടെ ലിവര്‍ വലിക്കും. പ്രതിയുടെ മൃതശരീരം അപ്പോള്‍ കയറില്‍ തൂങ്ങിയാടും. അരമണിക്കൂറിനുശേഷം ഡോക്ടര്‍ പരിശോധിച്ച് മരണം ഉറപ്പുവരുത്തും. തുടര്‍ന്നു മരണവാറണ്ടില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവെയ്ക്കും. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കും. അല്ലെങ്കില്‍ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിക്കും.

content highlights: nirbhaya case convicts to be hanged

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented