ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ജയിലിലെ പീഡനം മാനസിക നിലയെ ബാധിച്ചുവെന്നും ദയാഹര്‍ജി പരിഗണിക്കവേ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയിന്റെ വാദം. അതേസമയം വിനയിന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിയുടെ സാമൂഹിക- സാമ്പത്തികസ്ഥിതി ദയാ ഹര്‍ജി പരിഗണിച്ചപ്പോള്‍ കണക്കിലെടുത്തില്ല എന്ന വാദം തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
രാഷ്ട്രപതി ദയാ ഹര്‍ജി തള്ളിയതിന് എതിരെ മറ്റൊരു പ്രതിയായ മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ നിരാകരിച്ചിരുന്നു. ഇതോടെ മുകേഷ് സിങ്ങിനും വിനയ് ശര്‍മ്മയ്ക്കും വധശിക്ഷ ഒഴിവാക്കാന്‍ ഇനി നിയമപരമായ മറ്റു നടപടികള്‍ ഒന്നും അവശേഷിക്കുന്നില്ല. അക്ഷയ് സിങ്ങിന്റെ ദയാ ഹര്‍ജി രാഷ്ട്രപതി തള്ളിയിട്ടുണ്ട്. എന്നാല്‍ അത് ചോദ്യം ചെയ്ത് അക്ഷയ് സിങ് ഇത് വരെ കോടതിയെ സമീപിച്ചിട്ടില്ല. കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത ഇതുവരെ തിരുത്തല്‍ ഹര്‍ജിയോ ദയാ ഹര്‍ജിയോ നല്‍കിയിട്ടില്ല.
2012 ഡിസംബര്‍ പതിനാറിനാണ് വിനയ് ശര്‍മ ഉള്‍പ്പെടെ ആറുപേര്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒന്നാംപ്രതി രാംസിങ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ തൂങ്ങിമരിച്ചു.
പ്രതികളില്‍ ഒരാള്‍ക്ക് കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാളെ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്ത് മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി.
content highlights:nirbhaya case convicts plea against mercy petition dismissed