ന്യൂഡല്‍ഹി: വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യവുമായി നിര്‍ഭയ കേസ് പ്രതികള്‍ ഡല്‍ഹി കോടതിയില്‍. അക്ഷയ് സിങ്, പവന്‍ കുമാര്‍ ഗുപ്ത എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം ഡല്‍ഹി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 

മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക്, കേസിലെ ഇവരുള്‍പ്പെടെയുള്ള നാലു പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് കഴിഞ്ഞമാസം ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 

അക്ഷയ് സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര പ്രധാന്‍ നോട്ടീസ് അയച്ചു. മാര്‍ച്ച് രണ്ടിനു മുമ്പ് പ്രതികരണം സമര്‍പ്പിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുമ്പാകെ പുതിയ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും അതില്‍ തീരുമാനം ആയിട്ടില്ലെന്നും അക്ഷയ് തന്റെ ഹര്‍ജിയില്‍ പറയുന്നു. മുഴുവന്‍ വിവരങ്ങളും ഇല്ലാത്തതിനാലാണ് അക്ഷയ് ആദ്യം സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്ന് അക്ഷയിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എ.പി.സിങ് പറഞ്ഞു.

തന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് വധശിക്ഷയ്ക്ക് സ്റ്റേ പുറപ്പെടുവിക്കണമെന്ന് പവന്‍ കുമാര്‍ ഗുപ്ത ഹര്‍ജിയില്‍ പറയുന്നത്. 

2012 ഡിസംബര്‍ 16നാണ് 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആറുപ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മുഖ്യപ്രതി രാംസിങ് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്തയാളെ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്ത് മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ഇയാള്‍ പുറത്തിറങ്ങി.

content highlights: nirbhaya case convicts files plea seeking stay on execution